Skip to main content

നവകേരള സദസ് : ജില്ലാതല ഉദ്യോഗസ്ഥ അവലോകന യോഗം ചേർന്നു

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനോടനുബന്ധിച്ച് കോട്ടയം ജില്ലാതല ഉദ്യോഗസ്ഥ അവലോകനയോഗം ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അധ്യക്ഷത വഹിച്ചു. നവകേരള സദസിനോട് അനുബന്ധിച്ച് മണ്ഡലങ്ങളിലെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി.

കോട്ടയം, ചങ്ങനാശേരി, കടുത്തുരുത്തി, ഏറ്റുമാനൂർ, പാല മണ്ഡലങ്ങളിലെ വിളംബര ജാഥ ഡിസംബർ 11 ന് നടക്കും. പൂഞ്ഞാർ മണ്ഡലത്തിൽ എട്ട്, ഒൻപത്, പത്ത്, പതിനൊന്ന് തിയതികളിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ എട്ട്, ഒൻപത് തീയതികളിലും പഞ്ചായത്ത് തല ജാഥ നടക്കും. വൈക്കം, പുതുപ്പള്ളി മണ്ഡലങ്ങളിൽ എട്ടാം തീയതിയും വിളംബര ജാഥ സംഘടിപ്പിക്കുമെന്ന് കൺവീനർമാർ യോഗത്തിൽ അറിയിച്ചു.
 നവകേരള സദസിന് പങ്കെടുക്കുവാൻ ഓരോ മണ്ഡലങ്ങളിലുമെത്തുന്ന പൊതുജനങ്ങൾക്ക് ആവശ്യമായ വാഹന സൗകര്യങ്ങളുടെ എണ്ണവും  യോഗത്തിൽ അറിയിച്ചു. പരാതികൾ സ്വീകരിക്കുന്നതിന് 25 കൗണ്ടറുകൾ സജ്ജമാക്കണമെന്നും കളക്ടർ പറഞ്ഞു. പൊതുജനങ്ങളെ എത്തിക്കുന്ന വാഹനങ്ങളുടെ പാർക്കിംഗ് സൗകര്യവും മറ്റ് വാഹനങ്ങൾ വഴിതിരിച്ച് വിടുന്നതിന് വേണ്ട സൗകര്യവും ഒരുക്കണം. പൊതുജനങ്ങൾക്ക് ആവശ്യമായ കുടിവെള്ളം, ലഘുഭക്ഷണങ്ങൾ എന്നിവ എല്ലായിടത്തും നൽകണമെന്നും കളക്ടർ അറിയിച്ചു. ആവശ്യമായ ബയോ ടോയ്‌ലറ്റുകളും നവകേരള സദസിനോട് അനുബന്ധിച്ച വേദികളിൽ ഒരുക്കണമെന്നും യോഗത്തിൽ തീരുമാനമായി. വേദികളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്ന കാര്യം ഉറപ്പ് വരുത്തണം. യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി. നിർമൽ കുമാർ, നവകേരള സദസ് കൺവീനർമാർ, ജോയിന്റ് കൺവീനർമാർ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.

 

date