ക്ഷീര കർഷകർക്ക് പലിശ രഹിത വായ്പകൾ അനുവദിക്കും; മന്ത്രി ജെ ചിഞ്ചുറാണി
ക്ഷീരകർഷകർക്ക് കൂടുതൽ പശുക്കളെ വാങ്ങുന്നതിനായി പലിശ രഹിത വായ്പകൾ അനുവദിക്കുമെന്ന് മൃഗസംരക്ഷണ, മൃഗശാല, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പുതുക്കാട് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പാൽ ഉത്പാദനത്തിൽ പൂർണ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രവർത്തനത്തിലാണ് സംസ്ഥാന സർക്കാർ. തീറ്റപ്പുൽ കൃഷിക്ക് കൂടുതൽ സബ്‌സിഡിയും കൂടുതൽ വെറ്ററിനറി ആംബുലൻസും സംസ്ഥാനത്ത് സജ്ജമാക്കും. കേരളത്തിലെ ക്ഷീരകർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
ഇടതുപക്ഷ സർക്കാർ സമസ്ത മേഖലകളിലും വികസനവുമായി മുന്നോട്ട് പോവുകയാണ്. ഭൂമി ഇല്ലാത്തവരെ ഭൂമിയുടെ അവകാശികളാക്കി, പട്ടയങ്ങൾ വിതരണം ചെയ്തു, ലൈഫ് പദ്ധതിയിൽ വീടുകളൊരുക്കി. അതിദരിദദ്രരെ കണ്ടെത്തി ദാരിദ്ര്യനിർമാർജനം ഉറപ്പാക്കി. കോവിഡ് കാലത്തുൾപ്പടെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നമ്മൾ നടത്തിയ പ്രവർത്തങ്ങൾ ലോക രാജ്യങ്ങൾക്ക് മാതൃകയാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങൾ സബ് സെന്ററുകൾ തുടങ്ങി ഹൈടെക് ഗവ മെഡിക്കൽ കോളേജുകൾവരെയുള്ള ഉന്നത നിലവാരത്തിലുള്ള വളർച്ച കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടമാണ്. പൊതു വിദ്യാഭ്യാസത്തിലേക്ക് 10.5 ലക്ഷം വിദ്യാർത്ഥികൾ കൂടുതലായി കടന്നുവന്നു. പി എസ് സി യിലൂടെ കൂടുതൽ നിയമനങ്ങൾ നടത്തുന്ന സംസ്ഥാനമാണ് കേരളം. തൊഴിലില്ലായ്‌മ പിടിച്ചു നിർത്താൻ കൂടുതൽ സംരംഭങ്ങൾ തുടങ്ങി. വ്യവസായ വകുപ്പിന്റെ നേതൃത്തിൽ കൂടുതൽ സംരംഭങ്ങൾ തുടങ്ങി. അടച്ചു പൂട്ടിയ വ്യവസായങ്ങൾ തുറന്നു പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കി. കൃഷി പ്രോത്സാഹിപ്പിക്കുന്നത്തിനായി കാർഷിക കടാശ്വാസ പദ്ധതികൾ നടപ്പാക്കി. സാമൂഹിക പെൻഷനും നിരവധി സ്ത്രീ ശാക്തീകരണ പദ്ധതികളുമായും സർക്കാർ മുൻപോട്ട് പോവുകയാണെന്നും മന്ത്രി ചിഞ്ചു റാണി കൂട്ടിചേർത്തു.
- Log in to post comments