Skip to main content
ജനം സർക്കാരിനെ നെഞ്ചിലേറ്റി കഴിഞ്ഞു-മന്ത്രി പി രാജീവ്

ജനം സർക്കാരിനെ നെഞ്ചിലേറ്റി കഴിഞ്ഞു-മന്ത്രി പി രാജീവ്

ജനങ്ങളെയാകെ ചേർത്തുപിടിച്ച്  ജാതി മത കക്ഷിരാഷ്ട്രീയ ദേദമന്യേ ഭരിക്കുന്ന സർക്കാറിനെ  ജനം നെഞ്ചിലേറ്റി കഴിഞ്ഞതായി നിയമ- വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. തലോർ ദീപ്തി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പുതുക്കാട് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  ജനം നെഞ്ചേറ്റിയതിന്റെ തെളിവാണ് ബഹിഷ്കരണ പ്രഖ്യാപനങ്ങളെ തിരസ്കരിച്ച് നവകേരള സദസ്സിലേക്ക് ഒഴുകിയെത്തിയ ജനാവലി. 

ഭരണത്തുടർച്ചയുണ്ടായത് ജനങ്ങൾ  അർപ്പിച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. ജനങ്ങൾക്ക് എന്താണ് ചെയ്യാൻ കഴിയുക എന്നത് മനസ്സിലാക്കി ആ കാര്യങ്ങൾ മാത്രം പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി സംഘടിപ്പിച്ച അദാലത്തുകൾ, ലോകകേരളസഭ, കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച കേരളീയം തുടങ്ങി  വികസന സാധ്യതകളെ മുന്നിൽ കണ്ട് സംഘടിപ്പിച്ച എല്ലാ പരിപാടികളെയും ബഹിഷ്കരിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. 

കേരളത്തിന്റെ തനതുവരുമാനം, ആഭ്യന്തര വരുമാനം,ആളോഹരി വരുമാനം എന്നിവ വർധിപ്പിക്കാനായിട്ടുണ്ട്. ഇത് കാണിക്കുന്നത് കേരളത്തിന്റെ ഒരു സംസ്ഥാനമെന്ന നിലയ്ക്കുള്ള സാമ്പത്തിക നിലയിയിലെ പുരോഗതിയാണ്. പക്ഷേ പ്രയാസം വരുന്നത് കേന്ദ്രഗവൺമെന്റ് നിലപാടുകൾ ശ്വാസം മുട്ടിക്കുമ്പോഴാണ്. സാധാരണ മാനദണ്ഡമനുസരിച്ച് നമുക്ക്  അർഹതപ്പെട്ട കേന്ദ്ര ധനസഹായം ലഭിക്കാതെ വരുന്നു. ഈ നയങ്ങൾക്കെതിരെ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന എം പി മാർക്ക് പ്രതികരിക്കാനാകുന്നില്ല എന്നത്  അപഹാസ്യകരമാണ്.

നിരവധി  സാധാരണക്കരുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും യാഥാർത്ഥ്യമാക്കാൻ സർക്കാരിനു കഴിഞ്ഞു. കിഫ്ബി മുഖാന്തിരം ലക്ഷ്യം വെച്ചതിൽ അധികമുള്ള  അടിസ്ഥാന സൗകര്യമടക്കമുള്ള വികസന പ്രവർത്തനങ്ങൾ നടത്താനായി. ആരോഗ്യ മേഖലിൽ ലോകത്തിന് മുന്നിൽ തന്നെ ശ്രദ്ധേയമായ നേട്ടമാണ് കൈവരിക്കാനായത്. കേരളത്തെ വ്യവസായ സൗഹ്യദ സംസ്ഥാനമാക്കാൻ സാധിച്ചു. ഐ ടി മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും മുന്നേറ്റം നടത്താനായി. പൊതു വിദ്യാഭ്യാസമേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം അക്കാദമിക മികവും ഉയർത്താനായി . ഉന്നത വിഭാഭ്യാസ രംഗത്തും മികവ് പുലർത്താനായി .കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിനുള്ള ഹബായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ വിദ്യാഭ്യാസ മേഖലയിൽ നടത്താനായി അങ്ങനെ സമസ്തമേഖലയിലും ലോകത്തിന് തന്നെ മാത്യകയായി കേരളം ഉയരുകയാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു

date