Skip to main content

നവകേരള സദസ് നാടിനും ജനങ്ങൾക്കും വേണ്ടി: മുഖ്യമന്ത്രി

നാടിന് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും നാടിന്റെ ഭാവിക്കു വേണ്ടിയുമാണ് നവകേരള സദസ് സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സ് മഞ്ചേശ്വരം മുതൽ നേമം വരെ എത്തുമ്പോൾ അനുഭവപ്പെട്ടത് വലിയതോതിലുള്ള ജനസാന്നിദ്ധ്യമാണ്. ആർക്കും മറച്ചുവയ്ക്കാൻ ആകാത്തവിധം ജനസാഗരമാണ് ഓരോ മണ്ഡലത്തിലും ഒഴുകിയെത്തുന്നത്. 
നാടിന്റെ പ്രശ്‌നം അതീവ ഗൗരവമായി ജനങ്ങൾ കാണുന്നതുകൊണ്ടാണ് ഇത്രയധികം ആളുകളെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നേമം മണ്ഡലത്തിൽ നടന്ന നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ഒരു കൂട്ടർക്കും എതിരായി സംഘടിപ്പിക്കുന്ന പരിപാടിയല്ല ഇത്. പ്രശ്‌നങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാനും നാടിന്റെ മുന്നോട്ടുപോക്കിന് തടയിടുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ ജന സമക്ഷത്ത് അവതരിപ്പിക്കുകയുമാണ് ലക്ഷ്യം. നമ്മുടെ നാടിനെ മുന്നോട്ടുകൊണ്ടുപോകുന്ന പരിപാടികൾക്ക് തടസ്സം സൃഷ്ടിക്കുന്ന കാര്യങ്ങളാണ് തുറന്നു കാട്ടുന്നത്. 

സംസ്ഥാനത്തിന്റെ കയ്യിൽ വരേണ്ട തുകയിൽ അതിഭീമമായ സംഖ്യയാണ് കുറവ് വന്നിട്ടുള്ളത്. 1,07,500 കോടിയിൽ പരം രൂപയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്. ആ നിലപാട് ഭരണഘടനാവിരുദ്ധമാണ്. സംസ്ഥാനം ആ കണക്കുകൾ ജനസമക്ഷത്ത് അവതരിപ്പിച്ചുകൊണ്ട് കേന്ദ്രത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്യുകയാണ്. സുപ്രീംകോടതിയിലും ഇതാണ് വസ്തുത എന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്രം അന്യായമായി, ഭരണഘടനാവിരുദ്ധമായി കേരളത്തെ ബുദ്ധിമുട്ടിക്കുകയാണ്. എന്നാൽ ഈ പ്രതിസന്ധികളിലും ജനക്ഷേമ വികസന പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. 

നവകേരള സദസ്സുകളിൽ ഒഴുകിയെത്തുന്ന ജനങ്ങൾ സർക്കാരിന് കരുത്തുപകരുകയാണ്. നിങ്ങൾ ധൈര്യമായി മുന്നോട്ടു പൊയ്ക്കൊള്ളൂ ഞങ്ങൾ കൂടെയുണ്ടെന്നുള്ള ഉറപ്പാണ് അവർ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി എന്നിവരും സംസാരിച്ചു. 

3031നിവേദനങ്ങൾ
നേമം മണ്ഡലത്തിൽ സജ്ജീകരിച്ചിരുന്ന 24 കൗണ്ടറുകളിൽ നിന്നായി 3,031 നിവേദനങ്ങളാണ് ലഭിച്ചത്. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി പ്രത്യേകം കൗണ്ടറുകളും ഒരുക്കിയിരുന്നു.

date