Skip to main content

ധനശേഖരണ  യജ്ഞത്തിൽ പങ്കാളികളായി  വ്‌ളാത്താങ്കര വൃന്ദാവൻ ഹൈസ്‌കൂൾ

 

   നവകേരളത്തിന്റെ പുനർ നിർമാണത്തിനുള്ള ധനഷ്േഖരണ യജ്ഞത്തിൽ പങ്കാളികളായി പാറശാല ബ്ലോക്കിലെ വ്‌ളാത്താങ്കര വൃന്ദാവൻ ഹൈസ്‌കൂൾ. ചൊവ്വാഴ്ച രാവിലത്തെ സ്‌കൂൾ അസംബ്ലിക്ക് ശേഷം ആരംഭിച്ച ധനസമാഹരണത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തങ്ങളാൽ കഴിയുന്ന വിഹിതം നൽകി. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി അഞ്ചു മുതൽ പത്താം ക്ലാസുവരെ അഞ്ഞൂറ് വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.  

  പി.റ്റി.എയുടെയും സ്‌കൂൾ അധികൃതരുടെയും നേതൃത്വത്തിലാണ് ധനശേഖരണം നടത്തുന്നത്. പ്രളയക്കെടുതിയിൽ 80 കുടുംബങ്ങൾക്ക് ആശ്രയമായ ദുരിതാശ്വാസ ക്യാമ്പായും  സ്‌കൂൾ പ്രവർത്തിച്ചിരുന്നു. 

ധനശേഖരണത്തിന് മുന്നോടിയായി സ്‌കൂളിലെ കുട്ടികൾക്കായി പ്രകൃതിക്ഷോഭത്തെക്കുറിച്ചും ആതുരസേവനത്തെക്കുറിച്ചുമുള്ള ബോധവത്ക്കരണ ക്ലാസ്സുകൾ  നല്കിയിരുന്നു. സ്‌കൂളിലെ മലയാളം അധ്യാപകനും ഇക്കോ ക്ലബ് കൺവീനറുമായ ആർ.എം.അനിൽകുമാറാണ് ക്ലാസ് നയിച്ചത്. പ്രളയദുരിതത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ കുട്ടികൾക്കും കഴിയുമെന്ന ബോധ്യം അവർക്കുണ്ടാവാൻ ധനശേഖരണ യജ്ഞത്തിലൂടെ സാധിച്ചുവെന്നു സ്‌കൂൾ ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രൻ അറിയിച്ചു. 

തിങ്കളാഴ്ച അവധിയായിരുന്നിട്ടുകൂടിയും ധനസമാഹരണത്തിന്റെ  ആദ്യ ദിനം   അയ്യായിരം രൂപ സമാഹരിക്കാൻ  സാധിച്ചതായി സ്‌കൂൾ ഹെഡ്മിസ്ട്രസ് അറിയിച്ചു.  നാളെ വൈകുന്നേരത്തോടുകൂടി ധനസമാഹരണത്തിലൂടെ  ലഭിച്ച  തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും  അവർ പറഞ്ഞു.
(പി.ആർ.പി. 2290/2018)

 

date