Skip to main content

'കടാശ്വാസം ശുപാര്‍ശ ചെയ്ത കേസുകളില്‍ തുക അനുവദിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം'; മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കണ്ണൂരില്‍ സിറ്റിംഗ് നടത്തി

    കടാശ്വാസം ശുപാര്‍ശ ചെയ്ത കേസുകളില്‍ കടാശ്വാസ തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍. എത്രയും വേഗം തുക ബന്ധപ്പെട്ട ബാങ്കിന് നല്‍കാനും രണ്ടു കേസുകള്‍ സംബന്ധിച്ച പരാതികള്‍ പരിഗണിച്ചുകൊണ്ട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. രണ്ടു കേസുകളില്‍ വീണ്ടും സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗത്തിന്റെ പുന:പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. 
    ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നെടുത്ത അഗസ്റ്റ്യന്റെ വായ്പ കാലഹരണപ്പെട്ട വായ്പ എന്ന നിലയില്‍ തീര്‍പ്പാക്കി നടപടി അവസാനിപ്പിക്കാന്‍ ബാങ്കിനോട് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും തുക ഈടാക്കുന്നതിന് ബാങ്ക് നിര്‍ബ്ബന്ധിക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഇതില്‍ നോട്ടീസ് നല്‍കിയെങ്കിലും ബാങ്ക് പ്രതിനിധി ഹാജരായില്ല. മത്സ്യത്തൊഴിലാളിയെ ബുദ്ധിമുട്ടിക്കാതെ വായ്പ തീര്‍പ്പാക്കാന്‍ ബാങ്കിനോട് നിര്‍ദ്ദേശിച്ച് കമ്മീഷന്‍ ഉത്തരവിട്ടു.   
    കടാശ്വാസ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ഒന്നാംഘട്ട അര്‍ഹത പട്ടികയില്‍ അനുവദിച്ച ആശ്വാസ തുക വായ്പാ കണക്കില്‍ വരവ് വെച്ചതുമായി ബന്ധപ്പെട്ടും വായ്പാ കണക്ക് തീര്‍പ്പാക്കുന്നതില്‍ കാലതാമസം വന്നത് സംബന്ധിച്ചും കടാശ്വാസ തുക ലഭിച്ചിട്ടും ഈടാധാരങ്ങള്‍ ബാങ്കുകള്‍ തിരികെ നല്‍കാത്തതിനെ കുറിച്ചും കമ്മീഷന് പരാതികള്‍ ലഭിച്ചു. ഈ പരാതികളില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് നോട്ടീസ് നല്‍കിയതില്‍ ഹാജരായ 18 പരാതിക്കാരുടെ ഫയലുകള്‍ സിറ്റിംഗില്‍ പരിഗണിച്ചു. നോട്ടീസ് നല്‍കിയതില്‍ സ്റ്റേറ്റ് ബാങ്ക് ഇന്ത്യ തലശ്ശേരി ശാഖയുടേയും കേരള ഗ്രാമീണ്‍ ബാങ്ക് കണ്ണൂര്‍ ശാഖയുടേയും പ്രതിനിധികള്‍ ഹാജരായില്ല. 
    തലശ്ശേരി ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കേരള കൈത്തറി-ബീഡി തൊഴിലാളി ഭവന നിര്‍മ്മാണ സഹകരണ സംഘം എന്നിവയില്‍ നിന്നും എടുത്ത രണ്ടു വായ്പകള്‍ക്ക് കടാശ്വാസം ലഭിച്ചതിനെ തുടര്‍ന്ന് വായ്പ കണക്ക് തീര്‍പ്പാക്കി ഈടാധാരം തിരികെ നല്‍കിയതായി കമ്മീഷനെ അറിയിച്ചു.
    ഇരിണാവ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നെടുത്ത ഒരു വായ്പക്ക് കാലഹരണപ്പെട്ട വായ്പ എന്ന നിലയില്‍ കടാശ്വാസം അനുവദിച്ചിരുന്നില്ല. എന്നാല്‍ കാലഹരണപ്പെട്ട തീയതിക്ക് ശേഷം ആര്‍ബിട്രേഷന്‍ ഫയല്‍ ചെയ്ത നടപടിക്ക് കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ബാങ്കിന് നിര്‍ദ്ദേശം നല്‍കി. 
    സിറ്റിംഗില്‍ കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍, കണ്ണൂര്‍ ജില്ലാ സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ ദിനേശ് ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍ മോഹന്‍ദാസ്, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, പരാതിക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ഈ സിറ്റിംഗില്‍ കമ്മീഷന് ലഭിച്ച പരാതികള്‍ അടുത്ത കമ്മീഷന്‍ സിറ്റിംഗില്‍ പരിഗണിക്കും. 

date