Skip to main content

പ്രളയത്തില്‍ വീട്ടുപകരണം നഷ്ടപ്പെട്ടവര്‍ക്ക് കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപ വരെ വായ്പ നല്കും : മന്ത്രി ഡോ.ടി.എം തോമസ് ഐസക്ക്

 വൈക്കം: വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപ വരെ  വായ്പ ലഭ്യമാക്കുമെന്ന് ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ. ടി..എം. തോമസ് ഐസക്.  അടുത്ത ശനി, ഞായര്‍ ദിവസങ്ങളിലെ കുടുംബശ്രീ യോഗത്തില്‍ ഇവരെ കണ്ടെത്തി അവശ്യം വേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കണം. ഈ മാസം തന്നെ ബാങ്കുകളുമായി ബന്ധപ്പെട്ട് വായ്പ തുക ലഭ്യമാക്കും. കുട്ടനാട് പോലെ തന്നെ പ്രളയത്തില്‍ തകര്‍ന്നു  പോയ പ്രദേശമാണ് വൈക്കം ഉള്‍പ്പെടെയുള്ള അപ്പര്‍ കുട്ടനാട്. എന്നാല്‍ ഇത് സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്കു പോലും കഴിഞ്ഞില്ല.

പ്രളയ ശേഷമുള്ള കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന്  വന്‍ വിഭവ സമാഹരണം ആവശ്യമാണ്. കേരളത്തിന്റെ ശക്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. പ്രളയത്തെ നാം നേരിട്ടത് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയത് ജനങ്ങളുടെ കൂട്ടായ്മയുടെയും പഞ്ചായത്തുകളുടെ കാര്യശേഷിയുടെയും  തെളിവാണ്.  വെള്ളപ്പൊക്കം ഏറ്റവുമധികം അനുഭവിച്ച പ്രദേശമായിട്ടു കൂടി ദുരിതാശ്വാസ നിധിയിലേക്ക്  വൈക്കം മേഖലയില്‍ നിന്നു മികച്ച പ്രതികരണമാണ് ലഭിച്ചത്. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് സമാഹരിച്ചു നല്‍കിയ 21 ലക്ഷം രൂപ ഇതിനു തെളിവാണ്. കുട്ടികള്‍ തങ്ങളുടെ സമ്പാദ്യ കുടുക്കയില്‍ നിന്നും നല്‍കിയ ഓരോ നാണയത്തുട്ടും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വേഗം കൂട്ടും. ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കാന്‍  അവശ്യപ്പെട്ടിരുന്നു. ആരെയും നിര്‍ബന്ധിക്കുന്നില്ല.എന്നാല്‍ കേരളത്തില്‍ ബഹുഭൂരിപക്ഷവും കഴിഞ്ഞ മാസം വരുമാനം ഇല്ലാതെ പോയവരാണ്.  ഭൂരിഭാഗം ഉദ്യോഗസ്ഥരും ഒരു മാസത്തെ ശമ്പളം നല്‍കാമെന്ന് സമ്മത പത്രം കൈമാറി. 

പ്രളയത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടം നികത്താന്‍ തൊഴിലുറപ്പ് 150 ദിവസമാക്കണം. അടുത്തയാഴ്ച തന്നെ അടിയന്തരമായി ഇത് ആരംഭിക്കണം.പ്രദേശത്തെ തോടുകള്‍ വൃത്തിയാക്കി കയര്‍ ഭൂവസ്ത്രം വിരിക്കണം. തകര്‍ന്ന റോഡുകള്‍ ഉടന്‍ തന്നെ നവീകരിക്കും. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രമിക്കണം.                                 (കെ.ഐ.ഒ.പി.ആര്‍-2012/18)

 

date