ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിയുടെ കുടുംബത്തെ മന്ത്രി സന്ദര്‍ശിച്ചു
ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ വീട് മന്ത്രി ഡോ. കെ ടി ജലീല്‍ സന്ദര്‍ശിച്ചു.മൂന്നിയൂര്‍ കുണ്ടംകടവില്‍ തോണി മറിഞ്ഞ് കടലുണ്ടി പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായ പരപ്പനങ്ങാടി അറ്റത്തങ്ങാടി സദക്കായി പറമ്പിലെ മുഹമ്മത് സിനാന്റെ (12) കുടുംബത്തെയാണ് മന്ത്രി സന്ദര്‍ശിച്ചത്. പിതാവ് അബ്ദുല്‍ ഗഫൂറിനെയും കുടുംബത്തെയും മന്ത്രി ആശ്വസിപ്പിച്ചു.
ആഗസ്ത് 16 നായിരുന്നു അപകടം. ഇതുവരെയും സിനാനെ കണ്ടെത്താനായിട്ടില്ല. തിരച്ചിലുകള്‍ വിഫലമാകുകയായിരുന്നു. നേവിയുടെ തിരച്ചില്‍ വേണമെന്ന ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. ഓഖി ദുരന്തകാലത്ത് കാണാതായവര്‍ക്ക് നല്‍കിയ പരിഗണന സിനാന്റെ കാര്യത്തിലും നടപ്പാക്കാനാവുമോയെന്ന് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സി പി ഐ എം ജില്ല കമ്മറ്റിയംഗം വി പി സോമസുന്ദരന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി വി ജമീല, ടി പ്രഭാകരന്‍, എം കൃഷ്ണന്‍, എന്‍ കെ റഫീഖ് എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
- Log in to post comments