Skip to main content

വിഭവസമാഹരണത്തിന് ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണം;  മന്ത്രി ടി പി രാമകൃഷ്ണന്‍

മൂന്ന് ദിവസങ്ങളായി നടക്കുന്ന വിഭവസമാഹരണത്തില്‍ നല്ല നിലയിലാണ് ജനങ്ങള്‍ പ്രതികരിക്കുന്നതെന്ന് തൊഴില്‍-എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ശേഖരിക്കുന്ന തുകയുടെ കണക്ക് അതാത് ദിവസം പ്രസിദ്ധീകരിക്കുന്നുണ്ട്. ജനങ്ങള്‍ തരാനുള്ള ഒരു അവസരമുണ്ടാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തുടര്‍ന്നും ഫണ്ട് സ്വീകരിക്കാനുള്ള നടപടികളുണ്ടാകും. കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടി ദുരിതത്തിലായ കുടുംബങ്ങളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇനിയും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. 
സംസ്ഥാനത്ത് മുമ്പുണ്ടായ ദുരന്തങ്ങളില്‍ നല്‍കിയ തുകയേക്കാള്‍ അധികം തുകയാണ് ഈ സര്‍ക്കാര്‍ ദുരന്ത ബാധിതര്‍ക്ക് നല്‍കിയതെന്ന് തൊഴില്‍-എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ലഭിച്ച കുടുംബങ്ങള്‍ക്കെല്ലാം അത് പര്യാപ്തമാണെന്ന് അഭിപ്രായമില്ല. സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി സഹായങ്ങള്‍ ചെയ്യുന്നുണ്ട്. കരിഞ്ചോലയില്‍ ഉണ്ടായതിനേക്കാള്‍ ഭയാനകമായ രീതിയിലുള്ള സംഭവങ്ങളാണ് പിന്നീട് കേരളത്തിലുണ്ടായത്. ഇതിനെയല്ലാം പരസ്പരം ബന്ധപ്പെടുത്തി മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയൂ. അത്തരത്തിലൊരു പൊതുസമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കരിഞ്ചോലമലയില്‍ ഏതെങ്കിലും കുടുംബത്തിന് പ്രത്യേക പരാതികള്‍ ഉണ്ടെങ്കില്‍  സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. 
താമരശേരി റസ്റ്റ്ഹൗസില്‍ നടത്തിയ വിഭവ സമാഹരണത്തിന് മന്ത്രി ടി പി രാമകൃഷ്ണന്‍ നേതൃത്വം നല്‍കി. കാരാട്ട് റസാഖ് എം എല്‍ എ, ജില്ലാ കലക്ടര്‍ യു വി ജോസ,് ഡപ്യൂട്ടി കളക്ടര്‍ കെ.ഹിമ, താമരശേരി തഹസില്‍ദാര്‍ വി എ മുഹമ്മദ് റഫീഖ്  തുടങ്ങിയവര്‍ സംബന്ധിച്ചു. നാളെ(സപ്തംബര്‍ 15) കൊയിലാണ്ടി ടൗണ്‍ഹാളാണ് വിഭവസമാഹരണത്തിന് വേദിയാവുന്നത്. 

date