Skip to main content

വിഭവ സമാഹരണം: മുക്കത്ത് നിന്നും ലഭിച്ചത് 65,24000 രൂപ

നവകേരള നിര്‍മ്മിതിയ്ക്കു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ നടക്കുന്ന വിഭവ സമാഹരണത്തില്‍ മുക്കത്ത് നിന്നും ലഭിച്ചത് 65,24000 രൂപ. മുക്കം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന വിഭവസമാഹരണത്തില്‍ വിദ്യാര്‍ത്ഥികളും വനിതകളും മത സാമൂഹിക, സാംസ്‌കാരിക സംഘടനകളും തുക തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷണന് കൈമാറി.
2012 ല്‍ പുല്ലൂരാംപാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിച്ചവരെ മുഴുവനായും പുനരധിവസിപ്പിക്കാന്‍ സാധിച്ചിട്ടില്ല. അവരുള്‍പ്പെടെ എല്ലാവരെയും പുനരധിവസിപ്പിക്കുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു. കാലാവസ്ഥാ ദുരന്തത്തിന്റെ ഭാഗമായി ഇപ്പോഴും ദുരിതമനുഭവിക്കുന്ന എല്ലാ കുടുംബങ്ങളേയും സംരക്ഷിക്കുമെന്നും പൊതുവെ പ്രയാസം നേരിടുവാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം സുരക്ഷണവും സഹായവും ലഭിക്കത്തവിധത്തിലുള്ള കാഴ്ചപ്പാടാണ് കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ സര്‍ക്കാര്‍ ഉയര്‍ത്തി പിടിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുക്കം ഓര്‍ഫനേജ് കമ്മിറ്റി ജീവനക്കാര്‍ സ്വരൂപ്പിച്ച അഞ്ച് ലക്ഷം രൂപ മന്ത്രിയ്ക്ക് നല്‍കിയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. കോടഞ്ചേരി സഹകരണ ബാങ്ക് 350000 രൂപ, മുക്കം നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ, മുക്കം നഗരസഭ വ്യക്തികളില്‍ നിന്നും വിവിധ സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചെടുത്ത 6 ലക്ഷം രൂപ, തിരുവമ്പാടി സഹകരണ ബാങ്ക് 2 ലക്ഷം രൂപ, കാരശ്ശേരി പഞ്ചായത്ത് 10 ലക്ഷം രൂപ, പഞ്ചായത്ത് മെമ്പര്‍മാരുടെ ഒരു മാസത്തെ ഓണറേറിയം 104400 രൂപ, കാരശ്ശേരി വനിത സഹകരണ സംഘത്തിന്റെ ഒരു മാസത്തെ ശബളം 325000 രൂപ, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ആദ്യഘടുവായി 15,000 രൂപ, ആകാശ് ബില്‍ഡേഴ്‌സില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വരൂപിച്ച 5000 രൂപയും ചടങ്ങില്‍ മന്ത്രിയ്ക്ക് കൈമാറി. 
ജോര്‍ജ് എം തോമസ് എംഎല്‍എ, ജില്ലാ കലക്ടര്‍ യു വി ജോസ്, ഡപ്യൂട്ടി കലക്ടര്‍ കെ. ഹിമ, താമരശേരി തഹസില്‍ദാര്‍ വി.എ മുഹമ്മദ് റഫീഖ്, കോഴിക്കോട് തഹസില്‍ദാര്‍ കെ ടി സുബ്രഹ്മണ്യന്‍, താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  എം.മധുസൂദനന്‍, മുക്കം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കുഞ്ഞന്‍ മാസ്റ്റര്‍, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ സി.ടി.സി. അബ്ദുള്ള, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദ്, മുക്കം ഓര്‍ഫനേജ് മാനേജര്‍ വി.എം. മൊയി മോന്‍ ഹാജി തുടങ്ങിയവര്‍  പങ്കെടുത്തു.
 

date