റിയാസും അഫിയാദും നല്‍കിയ തുകക്ക് സ്വര്‍ണതിളക്കം
കോഴിക്കോട്ട് നിന്ന് കിലോമീറ്ററുകള്‍ താണ്ടി ഭിന്നശേഷിക്കാരായ റിയാസും അഫിയാദും താമരശേരിയിലെത്തി മന്ത്രിക്ക് കൈമാറിയ 1000 രൂപക്ക് സ്വര്‍ണത്തിന്റെ തിളക്കമാണ്. നവകേരള നിര്‍മ്മാണത്തിനായി തങ്ങളുടെ വകയായി സംഭാവന നല്‍കാന്‍ കോഴിക്കോട് പാലാഴിയില്‍ നിന്നാണ് രക്ഷിതാക്കള്‍ക്കും ശാന്തി സ്പെഷ്യല്‍ അയല്‍ക്കൂട്ടം ഭാരവാഹികള്‍ക്കുമൊപ്പം ഇരുവരും താമരശേരി വിഭവസമാഹരണ കേന്ദ്രത്തിലെത്തിയത്.
ഒളവണ്ണ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് ശാന്തി സ്പെഷ്യല്‍ അയല്‍ക്കൂട്ടം. 18 കുട്ടികളാണ് ഈ അയല്‍ക്കൂട്ടത്തിലുള്ളത്. അയല്‍ക്കൂട്ടത്തിലെ ഒരു പ്രാവശ്യത്തെ സമ്പാദ്യ തുകയാണ് ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ഉന്നമനം, ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിന് സഹായിക്കുക തുടങ്ങിയ ലക്ഷ്യമിട്ടാണ് സ്പെഷ്യല്‍ അയല്‍ക്കൂട്ടം പ്രവര്‍ത്തിക്കുന്നത്.
- Log in to post comments