തകരാറിലായ ജലവിതരണ സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ച് ജലവിഭവ വകുപ്പ്
നികത്താനാവുന്നതിനപ്പുറമുള്ള നഷ്ടമാണ് പ്രളയവും പേമാരിയും കേരളത്തിലുണ്ടാക്കിയത്. വെള്ളം വരുത്തിവച്ച വിന ജലവിഭവ വകുപ്പിനെയും കാര്യമായി ബാധിച്ചു. 69.3ലക്ഷം രൂപയാണ് ജില്ലയില്‍ വാട്ടര്‍ അതോറിറ്റിക്കുണ്ടായ നഷ്ടം. എന്നാല്‍ മുടങ്ങിപ്പോയ 19 കുടിവെള്ള പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കി പൂര്‍വസ്ഥിതിയിലെത്തിച്ചിരിക്കയാണ് വാട്ടര്‍ അതോറിറ്റി. ജൂണ്‍ 13നും 14നും പെയ്ത കനത്ത മഴയില്‍ പൂനൂര്‍,ഇരുവഴിഞ്ഞി,ചെറുപുഴ എന്നീ പുഴകളുടെ തീരങ്ങളിലുള്ള പമ്പ് ഹൗസുകളില്‍ വെള്ളം കയറി. പാനല്‍ ബോര്‍ഡുകള്‍, സ്റ്റാര്‍ട്ടേഴ്‌സ്, കേബിളുകള്‍ തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ മാറ്റി സ്ഥാപിക്കേണ്ടി വന്നു. തിരുവമ്പാടി,താമരശ്ശേരി, കിഴക്കോത്ത്, മടവൂര്‍, കോഴഞ്ചേരി എന്നിവിടങ്ങളിലെ പമ്പ് ഹൗസുകളിലെ ഇലക്ട്രിക് സംവിധാനങ്ങളുള്‍പ്പെടെയാണ് തകരാറിലായത്. അക്ഷീണ പ്രയത്‌നത്താല്‍ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടങ്ങളില്‍ കുടിവെള്ള വിതരണം പുനസ്ഥാപിച്ചുവെങ്കിലും പിന്നാലെ വന്ന മഹാപ്രളയം ഇവ ഉള്‍പ്പെടെ 19 കുടിവെള്ളപദ്ധതികളാണ് തകര്‍ത്തെറിഞ്ഞത്.
വാട്ടര്‍ അതോറിറ്റിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം മൂലം കഴിഞ്ഞ മാസം 20നു തന്നെ 13 പദ്ധതികളുടെ കുടിവെള്ള വിതരണം പുനരാരംഭിക്കാനായി. വെള്ളം പൂര്‍ണമായി ഒഴിഞ്ഞതിനു ശേഷമാണ് മറ്റ് ആറു കുടിവെള്ള പദ്ധതികളുടെ തകരാറുകള്‍ പരിഹരിക്കുന്നതിന് നടപടികള്‍ ആരംഭിക്കാനായത്.പ്രളയത്തില്‍ ജില്ലയില്‍ ജൂണ്‍ മാസത്തില്‍ 29.3 ലക്ഷം രൂപയും ഓഗസ്റ്റ് മാസത്തില്‍ 40 ലക്ഷം രൂപയും ആണ് വാട്ടര്‍ അതോറിറ്റി നഷ്ടം കണക്കാക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ളം സൗജന്യമായി പരിശോധിക്കുന്നതിനുള്ള സൗകര്യം വാട്ടര്‍ അതോറിറ്റിയുടെ മലാപ്പറമ്പിലുള്ള ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ ലഭ്യമാണ്. വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കാണ് സൗജന്യ പരിശോധന നല്‍കുന്നതെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം 23 മുതല്‍ ഇതുവരെ 763 കുടിവെള്ള സാമ്പിളുകളാണ് ഇവിടെ പരിശോധിച്ചത്.
- Log in to post comments