കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് ചിറയിന്‍കീഴ് താലൂക്ക് നല്‍കിയത് 1.47 കോടി
പ്രളയക്കെടുതിയില്‍നിന്നു കരകയറുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ചിറയിന്‍കീഴ് താലൂക്കിന്റെ സംഭാവന 1.46 കോടി രൂപ. ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഇന്നലെ (14 സെപ്റ്റംബര്‍) രാവിലെ പതിനൊന്നു മുതല്‍ രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന ധനശേഖരണത്തിലൂടെ 1,46,90,453 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തി. ടൂറിസം സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ധനശേഖരണ യജ്ഞത്തില്‍ വന്‍ ജനപങ്കാളിത്തമുണ്ടായി.
ചിറയിന്‍കീഴ് താലൂക്ക് ഓഫിസ് 30.88 ലക്ഷം രൂപ നല്കി. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി 11.26 ലക്ഷം രൂപയും പുളിമാത്ത്, കരവാരം ഗ്രാമപഞ്ചായത്തുകള്‍ 10 ലക്ഷം വീതവും ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് 7.4 ലക്ഷവും നഗരൂര്‍ ഗ്രാമപഞ്ചായത്ത് ആറു ലക്ഷം രൂപയും വക്കം, അരൂര്‍ പഞ്ചായത്തുകള്‍ അഞ്ചുലക്ഷം രൂപ വീതവും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറമേ വിവിധ സംഘടനകളും വ്യക്തികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും റസിഡന്റ്സ് അസോസിയേഷനുകളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായവുമായെത്തി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഗ്രാമ പഞ്ചായത്തുകളുടെ സഹായം ഇനിയുമുണ്ടാകണമെന്ന് ധനശേഖരണ യജ്ഞത്തിനു ശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. അധിക പ്രാധാന്യമില്ലാത്ത പദ്ധതികളുണ്ടെങ്കില്‍ അവ താല്‍ക്കാലികമായി റദ്ദുചെയ്ത് അതിനായി നീക്കിവച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ബി. സത്യന് എം.എല്‍.എ, ചിറയിന്‍കീഴ് നഗരസഭാ ചെയര്മാന് പ്രദീപ്, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, എ.ഡി.എം. വി.ആര്. വിനോദ് തുടങ്ങിയവര്‍ ധനശേഖരണ യജ്ഞത്തിനു നേതൃത്വം നല്കി.
(പി.ആര്.പി. 2324/2018)
- Log in to post comments