Skip to main content

പ്രളയം പിന്നിട്ട് ഒരു മാസം;  ജനങ്ങള്‍ക്ക് ആശ്വാസമായി സര്‍ക്കാരും സന്നദ്ധ സംഘടനകളും

 

ജില്ലയെ വിറപ്പിച്ച് ഒഴുകിയെത്തിയ മഹാപ്രളയത്തിന് ശേഷം ഒരു മാസം പിന്നിടുമ്പോള്‍ സര്‍ക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ ജില്ല ദുരിതക്കയത്തില്‍ നിന്നും കരകയറുന്ന കാഴ്ചയാണ് കാണുന്നത്. ആഗസ്റ്റ് 15ന് വെളുപ്പിന് റാന്നിയില്‍ ആരംഭിച്ച പ്രളയം അടുത്ത ദിവസങ്ങളില്‍ ആറന്മുളയിലും തിരുവല്ലയിലും വന്‍നാശനഷ്ടങ്ങളുണ്ടാക്കി ജനങ്ങളെ ദുരിതക്കയത്തിലാഴ്ത്തിയിരുന്നു. മത്സ്യബന്ധന ബോട്ടുകളുടെയും കര,നാവിക,വേ്യാമ സേനകളുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും എന്‍ഡിആര്‍എഫിന്റെയും ഫയര്‍ഫോഴ്‌സിന്റെയും പ്രദേശവാസികളുടെയും സഹായത്തോടെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 

രക്ഷപ്പെടുത്തിയത് 59682 പേരെ

പ്രളയത്തില്‍ കുടുങ്ങിപ്പോയ 59682 പേരെയാണ് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ അപകടകരമായ അവസ്ഥയില്‍ നിന്നും  സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ഇതില്‍ 18893 പേര്‍ പുരുഷന്മാരും 25624 പേര്‍ സ്ത്രീകളും 15165 കുട്ടികളുമുണ്ടായിരുന്നു. 

രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് 308 ബോട്ടുകളും 2268 പ്രവര്‍ത്തകരും

പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിന്  ജില്ലയില്‍ ഒട്ടാകെ സേവനത്തിന് ഇറങ്ങിയത് 308 ബോട്ടുകള്‍. മത്സ്യബന്ധന ബോട്ടുകള്‍, വിവിധ സേനാ വിഭാഗങ്ങളുടെ ബോട്ടുകള്‍, സ്വകാര്യ ബോട്ടുകള്‍, ചങ്ങാടങ്ങള്‍, ഫയര്‍ഫോഴ്‌സിന്റെ ഡിങ്കികള്‍ എന്നിവയായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് തുണയായത്. സന്നദ്ധ സംഘടനകളുടെ 450 പേരും  408 മത്സ്യത്തൊഴിലാളികളും എന്‍ഡിആര്‍എഫിന്റെ 307 സേനാംഗങ്ങളും ആര്‍എഎഫിന്റെ 300 സേനാംഗങ്ങളും ഫയര്‍ഫോഴ്‌സിന്റെ 329 സേനാംഗങ്ങളും റവന്യു വകുപ്പിലെ 212 ഉദേ്യാഗസ്ഥരും ആര്‍മിയുടെ 120 പേരും  ആര്‍പിഎഫിന്റെ 50 പേരും കോസ്റ്റ് ഗാര്‍ഡിന്റെ 40 പേരും വനം വകുപ്പിലെ 25 പേരും നേവിയുടെ 15 പേരും കെടിഡിസിയുടെ 12 പേരുമാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. ഇതിന് പുറമേ പോലീസിന്റെ 700ഓളം സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. 

രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത് 275 വാഹനങ്ങള്‍

ബോട്ടുകളും ഹെലികോപ്ടറുകളും ഒഴികെ 275 വാഹനങ്ങളാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. 94 ടിപ്പര്‍ ലോറികളും മൂന്ന് ബസുകളും ആറ് ജീപ്പുകളും 172 മറ്റ് വാഹനങ്ങളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചത്. 

ക്യാമ്പുകളില്‍ കഴിഞ്ഞത് 133077 പേര്‍

പ്രളയക്കെടുതി രൂക്ഷമായ ദിനങ്ങളില്‍ ജില്ലയിലെ ആറ് താലൂക്കുകളിലെ 543 ദുരിതാശ്വാസ ക്യാമ്പുകളിലായി 133077 ആളുകളാണ് കഴിഞ്ഞിരുന്നത്. ഇതില്‍ പ്രളയമുന്നറിയിപ്പിനെ തുടര്‍ന്ന് ക്യാമ്പുകളിലേക്ക് മാറിയവരും രക്ഷപ്പെടുത്തി എത്തിച്ചവരും ഉള്‍പ്പെടുന്നു. ക്യാമ്പുകളില്‍ കഴിഞ്ഞ ഭൂരിപക്ഷം ആളുകളും വീടുകളിലേക്ക് മടങ്ങി. 114 പേര്‍ മാത്രമാണ് 

ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നത്.

ഭക്ഷ്യധാന്യ സംഭരണത്തിന് എട്ട് ഹബുകള്‍ തുറന്നു

ഇപ്പോള്‍ സംഭരണം നടത്തുന്നത് കുന്നന്താനത്തെ കിന്‍ഫ്ര പാര്‍ക്കില്‍

പ്രളയബാധിതരെ സഹായിക്കുന്നതിന് സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും വന്‍തോതില്‍ ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിയിരുന്നു. ഇവ കൃത്യമായി ശേഖരിച്ച് രേഖപ്പെടുത്തലുകള്‍ നടത്തി ക്യാമ്പുകളിലും മറ്റ് അര്‍ഹരായവര്‍ക്കും എത്തിക്കുന്നതിന് ജില്ലയിലെ എട്ട് സ്ഥലങ്ങളില്‍ സംഭരണ കേന്ദ്രങ്ങള്‍ തുറന്നിരുന്നു. അടൂര്‍ മര്‍ത്തോമ കണ്‍വന്‍ഷന്‍ സെന്റര്‍, അടൂര്‍ സെന്റ് സിറിള്‍സ് കോളേജ്, കോഴഞ്ചേരി സെന്റ് തോമസ് കോളേജ്, കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയം, മല്ലപ്പള്ളി താലൂക്ക് ഓഫീസ്, തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാള്‍, പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഹബുകള്‍ തുറന്നിരുന്നത്. 

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവരില്‍ ഭൂരിപക്ഷവും വീടുകളിലേക്ക് മടങ്ങിയതോടെ ജില്ലയിലെ എട്ട് ഭക്ഷ്യസംഭരണ ഹബുകള്‍ അവസാനിപ്പിച്ച് ഇപ്പോള്‍ ലഭ്യമാകുന്ന എല്ലാ സാധനങ്ങളും ശേഖരിക്കുന്നത് കുന്നന്താനത്തുള്ള കിന്‍ഫ്ര പാര്‍ക്കിലാണ്. ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ജില്ലയിലേക്ക് എത്തുന്ന എല്ലാ ഉത്പന്നങ്ങളും ഇവിടെ ശേഖരിച്ച ശേഷം ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന പട്ടികജാതി മേഖലകളിലും മറ്റ് പിന്നാക്ക മേഖലകളിലും ജനപ്രതിനിധികളുടെയും വില്ലേജ് ഓഫീസര്‍മാരുടെയും അഭ്യര്‍ഥന പ്രകാരം ഉദേ്യാഗസ്ഥരുടെ ചുമതലയില്‍ ഈ സാധനങ്ങള്‍ വിതരണം ചെയ്തുവരുകയാണ്. 

മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ

പ്രളയക്കെടുതിയോടനുബന്ധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. 31 പേരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ രണ്ട് ദിവസത്തിനുള്ളില്‍ അക്കൗണ്ടുകളിലേക്ക് നല്‍കും. ഇതര ജില്ലകളില്‍ താമസക്കാരായ നാല്  പേരുടെയും കോട്ടയം ജില്ലയില്‍ വച്ച് മരണമടഞ്ഞ രണ്ട് പേരുടെയും ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെയും ആശ്രിതരുടെ രേഖകള്‍ പരിശോധിച്ച് വരുകയാണ്.  

58595 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യക്കിറ്റ് നല്‍കി

ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ 58595 കുടുംബങ്ങള്‍ക്ക് 22 ഇനം ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റുകള്‍ വിതരണം ചെയ്തു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും ലഭിച്ച ഭക്ഷ്യസാധനങ്ങളും സപ്ലൈകോയില്‍ നിന്നും സംഭരിച്ച ഭക്ഷ്യധാന്യങ്ങളും ചേര്‍ത്താണ് അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ തയാറാക്കി നല്‍കിയത്. ക്യാമ്പുകളില്‍ കഴിഞ്ഞ 45000ഓളം കുടുംബങ്ങള്‍ക്ക് പുറമേ വീടുകളിലും മറ്റുമായി കഴിഞ്ഞിരുന്ന 13000ല്‍ അധികം കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തു. 

40808 കുടുംബങ്ങള്‍ക്ക് 10000 രൂപ കൈമാറുന്നതിനുള്ള നടപടി പൂര്‍ത്തിയായി

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ജില്ലയിലെ 40808 കുടുംബങ്ങള്‍ക്ക് 10000 രൂപ വീതം അവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറുന്നതിനുള്ള ബില്ലുകള്‍ ട്രഷറികളില്‍ നല്‍കിക്കഴിഞ്ഞു. 10000 രൂപ വീതം നല്‍കുന്നതില്‍ 3800 രൂപ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിഹിതവും 6200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള വിഹിതവുമാണ്. ഇവ ഓരോന്നും പ്രതേ്യകമായാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ക്രഡിറ്റ് ചെയ്യുന്നത്. 

പ്രളയം ബാധിച്ചത് 49768 വീടുകളെ, ശുചീകരണത്തില്‍ പങ്കെടുത്തത് 57900 ആളുകള്‍

ജില്ലയില്‍ പ്രളയം രൂക്ഷമായി ബാധിച്ചത് 49768 വീടുകളെയും 1414 സ്ഥാപനങ്ങളെയും 826 പൊതുസ്ഥലങ്ങളെയും 37448 കിണറുകളെയും ആയിരുന്നു. പ്രളയം ബാധിച്ച വീടുകളുടെയും സ്ഥാപനങ്ങളുടെയും പൊതുസ്ഥലങ്ങളുടെയും ശുചീകരണം പൂര്‍ത്തിയായിട്ടുണ്ട്. മലിനപ്പെട്ട 37448 കിണറുകളില്‍ 30821 കിണറുകളുടെ ശുചീകരണം പൂര്‍ത്തിയായി. പ്രളയബാധിത പ്രദേശങ്ങളില്‍ 75 ടാങ്കറുകളിലായി 2.74 ലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് ദിവസേന വിതരണം ചെയ്തിരുന്നത്. പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളുടെ ശുചീകരണത്തിന് സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 57900 ആളുകളാണ് പങ്കെടുത്തത്. കുടുംബശ്രീ, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍സിസി, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍, യുവജന സംഘടനകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലും നിന്നുള്ളവര്‍ ശുചീകരണങ്ങളില്‍ പങ്കാളികളായി. 426 സ്‌ക്വാഡുകളാണ് പ്രളയാനന്തരം ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. 

ഇതുവരെ നീക്കം ചെയ്തത് 1250 ടണ്‍ മാലിന്യം

ജില്ലയില്‍ പ്രളയക്കെടുതിയില്‍ അടിഞ്ഞുകൂടിയ 1250 ടണ്‍ മാലിന്യം നീക്കം ചെയ്തിട്ടുണ്ട്. വിവിധ പഞ്ചായത്തുകളില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ ജില്ലയിലെ മൂന്ന് ഡമ്പിംഗ് യാര്‍ഡുകളില്‍ എത്തിച്ച് ഇവിടെനിന്നും ക്ലീന്‍ കേരള കമ്പനി, ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്‌സ് എന്നിവയുടെ സഹായത്തോടെയാണ് മാലിന്യങ്ങള്‍ നീക്കം ചെയ്തത്. തിരുവല്ലയില്‍ രണ്ട് ടണ്ണും ആറന്മുളയില്‍ അഞ്ച് ടണ്ണും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പുനചംക്രമണത്തിന് അയച്ചു. 

വീടുകളുടെ നാശനഷ്ടം തദ്ദേശഭരണ വകുപ്പ് കണക്കാക്കുന്നു

പ്രളയക്കെടുതിയില്‍ ജില്ലയിലെ വീടുകള്‍ക്ക് പൂര്‍ണമായും ഭാഗികമായും ഉണ്ടായ നാശനഷ്ടത്തിന്റെ കണക്കുകള്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണക്കാക്കി വരുകയാണ്. ജില്ലയിലെ 53 പഞ്ചായത്തുകളെ പ്രളയം ബാധിച്ചുവെങ്കിലും 18 പഞ്ചായത്തുകളിലാണ് പ്രളയക്കെടുതി രൂക്ഷമായത്. 414 തദ്ദേശഭരണ വാര്‍ഡുകളെ പ്രളയം ബാധിച്ചു. റവന്യു വകുപ്പ് പ്രാഥമികമായി നടത്തിയ വിലയിരുത്തലില്‍ 724 വീടുകള്‍ പൂര്‍ണമായും 17117 വീടുകള്‍ ഭാഗികമായും തകര്‍ന്നതായും വിലയിരുത്തിയിട്ടുണ്ട്. 

ജില്ലയിലെ എല്ലാ വില്ലേജുകളെയും പ്രളയബാധിതമായി പ്രഖ്യാപിച്ചു

ജില്ലയിലെ എല്ലാ വില്ലേജുകളെയും പ്രളയബാധിത വില്ലേജുകളായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും 70 വില്ലേജുകളിലെ 397 വാര്‍ഡുകള്‍ക്ക് വാര്‍ഡൊന്നിന് 25000 രൂപ നിരക്കില്‍ 99.25 ലക്ഷം രൂപ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അനുവദിച്ചു. ജില്ലയിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അഞ്ച് കിലോഗ്രാം അരി സൗജന്യമായി അനുവദിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 2.38 കോടി രൂപ

പ്രളയബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ജില്ലയില്‍ സമാഹരിച്ചത് 2.38 കോടി രൂപ. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, സ്വകാര്യ വ്യക്തികള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവരാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാദിവസവും വന്‍തോതില്‍ സഹായധനം പ്രവഹിക്കുന്നുണ്ട്. ചെക്ക്, ഡിഡി എന്നിവ മുഖേനമാത്രമാണ് സഹായധനം സ്വീകരിക്കുന്നത്. 

ജില്ലയിലെ നാശനഷ്ടം വിലയിരുത്താന്‍ ലോകബാങ്ക്, എഡിബി സംഘം ഇന്ന് എത്തും 

പ്രളയക്കെടുതിയില്‍ ജില്ലയിലുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതിന് ലോകബാങ്കിന്റെയും എഡിബിയുടെയും പ്രതിനിധികള്‍ ഇന്ന് ജില്ലയിലെത്തും. രാവിലെ എട്ടിന് അടൂര്‍ താലൂക്കിലെ പറക്കോട് നിന്നാണ് സംഘം സന്ദര്‍ശനം തുടങ്ങുന്നത്.

        (പിഎന്‍പി 2893/18)

date