ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും : വനിതാ കമ്മീഷന്‍
സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് വനിത കമ്മിഷന്‍ അംഗം അഡ്വ ഇന്ദിര രവീന്ദ്രന്‍. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടന്ന ജില്ലാതല സിറ്റിങ്ങില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടത്തുന്ന മാനസിക ശാരീരിക പീഡനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. കൃത്യമായി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരെപോലും മാനസിക പീഡനം സംഭവിക്കുന്നു. ഒറ്റപ്പെടുത്തുന്നുവെന്ന പരാതികള്‍ ധാരാളമായി ലഭിക്കുന്നുമുണ്ട്. ഇതിനെതിരെയും മക്കള്‍ പ്രായമായ അമ്മമാരെ സംരക്ഷിക്കുന്നില്ലന്ന പരാതികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. ഗാര്‍ഹികപീഡന പരാതികള്‍ പരിഹരിക്കാന്‍ കൗണ്‍സിലിംഗ് ഫലപ്രദമാണ്. തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ ഇന്റേണല്‍ കമ്മിറ്റി വിലയിരുത്തുകയും ഇത് കഴിയാത്ത പക്ഷം വനിതാ കമ്മീഷന്‍ ഇടപെട്ട് നടപടി സ്വീകരിക്കുകയും ചെയ്യും. തൊഴിലിടത്തിലെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിന് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ ഫലപ്രദമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമേ ജാഗ്രത സമിതിയുടെ പരിശീലനവും വനിതാ കമ്മീഷന്‍ നേതൃത്വത്തില്‍ നടത്തിവരുന്നു. മികച്ച പ്രവര്‍ത്തനം നടത്തുന്ന ജാഗ്രത സമിതിക്ക് ഈ വര്‍ഷം വനിതാദിനത്തില്‍ 50,000 രൂപയും സര്‍ട്ടിഫിക്കറ്റും കൈമാറുമെന്നുംപറഞ്ഞു.
അഡ്വ. ബെച്ചി, ശുഭ, ജെ സീനത്ത് ബീഗം, ഹേമ ശങ്കര്‍, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത, അനിത റാണി തുടങ്ങിയവര്‍ പങ്കെടുത്തു. ആകെ 80 കേസുകള്‍ പരിഗണിച്ചു. 18 തീര്‍പ്പാക്കി. നാല് കേസുകള്‍ റിപ്പോര്‍ട്ടിനും 58 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്കും മാറ്റി.
- Log in to post comments