Skip to main content

റസിഡന്റ്സ് അസോസിയേഷനുകളെ ജനാധിപത്യ പ്രക്രിയകളുടെ ഭാഗമാക്കുകയാണ് സർക്കാർ നയം: മന്ത്രി എം.ബി രാജേഷ്

 

റസിഡന്റ്സ് അസോസിയേഷനുകളെ ജനാധിപത്യ പ്രക്രിയകളുടെ ഭാഗമാക്കുക എന്നതാണ് സർക്കാർ നയമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.  കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ജനാധിപത്യത്തിന്റെ പ്രയോഗത്തിന് പുതിയ മാനങ്ങൾ നൽകുകയായാണ് സർക്കാർ. പെട്ടെന്നൊരു ദിവസംകൊണ്ട് സംഘടിപ്പിക്കപ്പെടുന്നതല്ല ഇത്തരം പരിപാടികൾ. മറിച്ച് ഇതൊരു തുടർ പ്രവർത്തനമാണ്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും നടന്ന നവകേരള സദസ്സിലൂടെ ലഭിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച് തുടർപ്രവർത്തനങ്ങൾ നടത്തുന്നതിന് 1000 കോടി രൂപയാണ് സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ നീക്കിവച്ചിരിക്കുന്നത്. ജനങ്ങളുടെ അഭിപ്രായങ്ങളെ വലിയ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.

ചരിത്രത്തിലാദ്യമായാണ് റസിഡന്റ്സ് അസോസിയേഷനുകൾക്ക് ഒരു സർക്കാർ ഇത്രയധികം പരിഗണന നൽകുന്നത്. മറ്റ് വിഭാഗങ്ങളെ വച്ച് നോക്കുമ്പോൾ റസിഡന്റ്സ് അസോസിയേഷനുകളുമായുള്ള മുഖാമുഖം ഏറെ പ്രാധാന്യമർഹിക്കുന്നു. കഴിഞ്ഞ രണ്ട് പത്തിറ്റാണ്ടിനുള്ളിൽ കേരളത്തിൽ രൂപപ്പെട്ട പുതിയ സാമൂഹ്യ ശക്തിയാണ് റസിഡന്റ്സ് അസോസിയേഷനുകൾ. അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന നാടാണ് കേരളം. റസിഡന്റ്‌സ് അസോസിയേഷനുകളുടെ വളർച്ച നഗരവൽക്കരണവുമായി ചേർന്ന് നിൽക്കുന്നു.

കണക്കുകൾ പ്രകാരം 2035 ആകുമ്പോഴേക്കും കേരള ജനസംഖ്യയുടെ 95 ശതമാനവും നഗരവാസികൾ ആകുമെന്നാണ് കാണുന്നത്. കുടിയേറ്റം മൂലമല്ല അത് സംഭവിക്കുക, നഗരം ഗ്രാമങ്ങളിലേക്ക് വളരുന്നതുകൊണ്ടാണ്. ഇതൊക്കെ മുന്നിൽക്കണ്ടാണ് ഇന്ത്യയിൽ ആദ്യമായി ഈ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഒരു നഗര നയം രൂപീകരിക്കാൻ സംസ്ഥാന സർക്കാർ മുൻ കൈ എടുത്തത്. അതിനായി അർബൻ കമ്മീഷന് രൂപം നൽകി. തിങ്കളാഴ്ച്ച മുതൽ കമ്മീഷന്റെ സിറ്റിംഗ് ആരംഭിക്കുകയാണ്.

ജനങ്ങൾക്ക്  വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് കെ സ്മാർട്ട്‌ സംവിധാനം യാഥാർഥ്യമാക്കി. നിലവിൽ നഗരമേഖലയിൽ ലഭ്യമാകുന്ന ഈ സേവനം ഏപ്രിൽ ഒന്ന് മുതൽ എല്ലാ തദ്ദേശ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.

മാലിന്യ നിർമ്മാജ്ജനത്തെയും സർക്കാർ പ്രാധാന്യത്തോടെയാണ് കാണുന്നത്. ബ്രഹ്മപുരം തീപിടിത്തം ഉണ്ടായപ്പോൾ അതിനെ ഒരു അവസരമാക്കിയെടുത്ത്  മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിക്ക്  രൂപം നൽകി. വിജയകരമായി ആ പ്രവർത്തനം മുന്നോട്ടുപോകുകയാണ്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വലിയ മുൻകരുതലുകളാണ് സംസ്ഥാനത്തുടനീളം സ്വീകരിച്ചിരിക്കുന്നത്.

ദക്ഷിണേഷ്യയിലെ  മികച്ച വയോജന സൗഹൃദനഗരമെന്ന ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കൊച്ചിക്ക്  കഴിഞ്ഞദിവസം ലഭിക്കുകയുണ്ടായി. യുനെസ്കോയുടെ 'സിറ്റി ഓഫ് ലിറ്ററേച്ചർ' എന്ന് അംഗീകാരം കോഴിക്കോടിന് ലഭിച്ചത് ഈ അടുത്തിടയ്ക്കാണ്.  'സിറ്റി ഓഫ് പീസ്' ആയി തെരഞ്ഞെടുക്കപ്പെടാനുള്ള അവസാന ഘട്ടത്തിലാണ് തിരുവനന്തപുരം. തൃശ്ശൂർ നഗരം 'സിറ്റി ഓഫ് ലേണിംഗ്' ആയി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ഇതെല്ലാം സർക്കാർ ബോധപൂർവമായി നടത്തിയ ഇടപെടലുകളുടെ കൂടി ഫലമാണെന്നും മന്ത്രി പറഞ്ഞു.

date