Skip to main content

അടുത്ത അധ്യയന വർഷത്തെ  പാഠപുസ്തകം ഈ മാസം വിതരണം ചെയ്യും: മന്ത്രി വി ശിവൻകുട്ടി

മാർച്ച്‌ 12ന് വിതരണ ഉദ്ഘാടനം

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി അടുത്ത അധ്യയന വർഷത്തെ  പാഠപുസ്തകം മാർച്ച് മാസം വിതരണം ചെയ്യുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മെഡിക്കൽ കോളേജ് കാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മൾട്ടിപർപ്പസ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മാർച്ച്‌ 12ന് തിരുവനന്തപുരത്തെ സ്കൂളിൽ വിതരണ ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി പറഞ്ഞു. 2, 4, 6, 8,10 ക്ലാസുകളിലേക്കുള്ള പാഠപുസ്തകമാണ് വിതരണം ചെയ്യുക. 1, 3, 5, 7, 9 ക്ലാസുകളിലെ പുസ്തകം സ്കൂൾ തുറക്കുന്നതിന് മൂന്നാഴ്ചയ്ക്ക് മുൻപ് എത്തുമെന്നും മന്ത്രി പറഞ്ഞു. 

കഴിഞ്ഞ ഏഴര വർഷത്തിനിടെ 5000 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവഴിച്ചത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള യാത്ര അടിസ്ഥാന സൗകര്യങ്ങൾക്കും സാങ്കേതിക വിദ്യയ്ക്കുമപ്പുറത്തേക്ക് വ്യാപിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സ്കൂളിലെ 24 പുതിയ ക്ലാസ് മുറികൾ വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിന്റെ നേർചിത്രമാണ്  ഈ സ്കൂളെന്ന് നിസ്സംശയം പറയാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

സ്കൂൾ വെബ്സൈറ്റ് ഉദ്ഘാടനം എളമരം കരിം എം.പി നിർവഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎയും പ്രിസം ഫൗണ്ടറുമായ എ പ്രദീപ്കുമാർ മുഖ്യാതിഥിയായി. 

കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി രേഖ, കൗൺസിലർമാരായ സി എം ജംഷീർ, കെ മോഹനൻ, ഇ എം സോമൻ, ഡോ. അജിത, ആർഡിഡി സന്തോഷ്‌ കുമാർ, എസ്എസ്കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. എ കെ. അബ്ദുൾ ഹക്കീം, ഡി ഇ ഒ ശാദിയ ബാനു, ഡിഎച്ച്എം സുബിത എം, എംപിടിഎ ചെയർപേഴ്സൺ ശരൺ പ്രേം, പ്രിസം കോർഡിനേറ്റർ റംഷാദ് സി വി, സ്റ്റാഫ് സെക്രട്ടറി നിഖിൽ കെ എം, സ്കൂൾ ലീഡർ റിഥുൽ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി, സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഡോ. എൻ പ്രമോദ് സ്വാഗതവും പിടിഎ പ്രസിഡന്റ് ഐ റജുല നന്ദിയും പറഞ്ഞു.

date