സംരംഭക വര്‍ഷം 2023-24: സംരംഭങ്ങള്‍ ആരംഭിച്ചതില്‍ എറണാകുളം ജില്ല മുന്നില്‍.
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സംരംഭക വര്‍ഷം പദ്ധതിയുടെ രണ്ടാം ഘട്ടത്തിലും ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ച് എറണാകുളം ജില്ല മുന്നിലെത്തി. 2022ല്‍ ആരംഭിച്ച സംരംഭക വര്‍ഷ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ടു വര്‍ഷക്കാലയളവില്‍ ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങിയത് എറണാകുളം ജില്ലയിലാണ്.24,466 സംരംഭങ്ങളാണ് കഴിഞ്ഞ രണ്ടുവര്‍ഷ കാലയളവില്‍ എറണാകുളത്ത് തുടങ്ങിയത്.2176 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവഴി എറണാകുളത്ത് ഉണ്ടായത്.58994 തൊഴിലവസരങ്ങളും എറണാകുളം ജില്ലയില്‍ ഈ രണ്ടു വര്‍ഷക്കാലയളവില്‍ സംരംഭക വര്‍ഷ പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കാന്‍ സാധിച്ചു.
കേരളത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലും ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങിയ ജില്ല എറണാകുളം ആണ്. ഇതുവരെ 10338 സംരംഭങ്ങളാണ് വിവിധ മേഖലകളിലായി എറണാകുളത്ത് തുടങ്ങിയിട്ടുള്ളത്. ഈ സംരംഭങ്ങളിലൂടെ 1004 കോടി രൂപയുടെ നിക്ഷേപം ഉണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ട്. അതോടൊപ്പം 25220 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചു.10338 സംരംഭങ്ങളില്‍ 1326 എണ്ണം ഉല്‍പാദന മേഖലയിലും,4516 എണ്ണം സേവനമേഖലയിലും,4496 എണ്ണം കച്ചവട മേഖലയിലുമാണ് എറണാകുളത്ത് തുടങ്ങിയിട്ടുള്ളത്. അഗ്രോ ഫുഡ്, ഓട്ടോമൊബൈല്‍ സര്‍വീസ് ആന്‍ഡ് റിപ്പയര്‍, ബയോടെക്‌നോളജി, ബില്‍ഡിംഗ് മെറ്റീരിയല്‍സ് കണ്‍സ്ട്രക്ഷന്‍ ആര്‍ക്കിടെക്ചര്‍, കെമിക്കല്‍ പ്രൊഡക്ട്, ഡ്രക്ക്‌സ് ആന്‍ഡ് ഫാര്‍മസൂട്ടിക്കല്‍ ആയുര്‍വേദ, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്, എനര്‍ജി ആന്‍ഡ് റിന്യൂവല്‍ എനര്‍ജി, ഗാര്‍മെന്റ്‌സ് ആന്‍ഡ് ടെക്‌സ്‌റ്റൈല്‍സ്, ജനറല്‍ എന്‍ജിനീയറിങ്, ഹാന്‍ഡ്‌ലും കൊയര്‍ ഹാന്‍ഡി ക്രാഫ്റ്റ്, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, എന്നിങ്ങനെ 28 ഓളം സെക്ടറുകളില്‍ നിന്നായി ആണ് ഈ സാമ്പത്തിക വര്‍ഷം 10338 സംരംഭങ്ങള്‍ എറണാകുളം ജില്ലയില്‍ ആരംഭിച്ചിട്ടുള്ളത് .2023-24 ല്‍ എറണാകുളത്ത് തുടങ്ങിയ 10338 സംരംഭങ്ങളില്‍ 3353 സംരംഭങ്ങള്‍ വനിതാ സംരംഭകരുടെ നേതൃത്വത്തില്‍ ആരംഭിച്ചയവയാണ്.10338 സംരംഭങ്ങളിലായി 9099 സ്ത്രീകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനും എറണാകുളം ജില്ലക്ക് കഴിഞ്ഞിട്ടുണ്ട്.
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ എന്ന ലക്ഷ്യം കേരളം നേടിയതായി വ്യവസായ മന്ത്രി പി.രാജീവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സംരംഭക വര്‍ഷം 2.0 യുടെ ഭാഗമായി ഇതുവരെ 2023-24 ല്‍ കേരളത്തില്‍ 100257 സംരംഭങ്ങള്‍ ആരംഭിച്ചു. ഇതുവഴി 6724 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ ഉണ്ടായി. അതോടൊപ്പം ഈ സംരംഭങ്ങള്‍ വഴി കേരളത്തില്‍ 210149 തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ സാധിച്ചു.
കേരള സര്‍ക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച ജില്ലാ വ്യവസായ കേന്ദ്രത്തിനുള്ള ആദ്യത്തെ അവാര്‍ഡ് 2022-23ലെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ കരസ്ഥമാക്കിയതും എറണാകുളം ജില്ലാ വ്യവസായ കേന്ദ്രമാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള നിക്ഷേപ സൗഹൃദ നടപടികളും വ്യവസായ വാണിജ്യ വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും ശ്രമഫലമായിട്ടാണ് ഇത്തരത്തിലുള്ള അഭിമാനാര്‍ഹമായ വിജയം കരസ്ഥമാക്കാന്‍ സാധിച്ചതെന്ന് എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ.നജീബ് അറിയിച്ചു
- Log in to post comments