Skip to main content

ലോക്‌സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം 28-ന്; നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം 

ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം  നാളെ (മാര്‍ച്ച് 28) നിലവില്‍ വരും. അന്നുമുതല്‍ തന്നെ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശപത്രികകള്‍ സ്വീകരിച്ചു തുടങ്ങും. ആലപ്പുഴ മണ്ഡലത്തിന്റെ റിട്ടേണിംഗ് ഓഫീസര്‍ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസും മാവേലിക്കര മണ്ഡലത്തിന്റെ റിട്ടേണിംഗ് ഓഫീസര്‍ എ.ഡി.എം. വിനോദ് രാജുമാണ്. 

ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളുടെ നാമനിര്‍ദ്ദേശപത്രിക അതത് വരണാധികാരികള്‍ക്കോ സ്‌പെസിഫൈഡ് എ.ആര്‍.ഒമാരായ  സബ്കളക്ടര്‍(ആലപ്പുഴ മണ്ഡലം), ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ (മാവേലിക്കര മണ്ഡലം) എന്നിവര്‍ക്കോ സമര്‍പ്പിക്കാം. എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് നാമനിര്‍ദ്ദേശപത്രികള്‍ സ്വീകരിക്കുക. കേന്ദ്രസര്‍ക്കാര്‍ പ്രവൃത്തി ദിവസങ്ങളായ മാര്‍ച്ച് 28, 30, ഏപ്രില്‍ 2, 3, 4 തീയതികളില്‍ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കാം. പത്രികകള്‍ സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പരമാവധി അഞ്ചുപേര്‍ക്ക് മാത്രമാണ് റിട്ടേണിംഗ് ഓഫീസറുടെ മുറിയിലേക്കുള്ള പ്രവേശനാനുമതി. നാമനിര്‍ദേശിക പത്രിക പരിശോധന ഏപ്രില്‍ അഞ്ച്. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ട്.
 

date