Skip to main content

ലോകസഭ തെരഞ്ഞെടുപ്പ്: ഫോട്ടോ വോട്ടേഴ്സ്ലിപ്പ് ശേഖരിക്കുന്നതിനായി  പ്രത്യേക ബിന്നുകൾ പിടിച്ചെടുക്കുന്ന പോസ്റ്ററുകളും ബാനറുകളും ഏജൻസിക്കോ ഹരിത കർമസേനയ്‌ക്കോ കൈമാറണം

  
ആലപ്പുഴ: ലോക സഭ തിരഞ്ഞെടുപ്പിൽ ഹരിത പരിപാലന ചട്ടം കർശനമാക്കുന്നു.  ബുത്ത് പരിസരത്ത് ഉപേക്ഷിക്കപ്പെടുന്ന ഫോട്ടോ വോട്ടേഴ്സ്ലിപ്പ് ശേഖരിക്കുന്നതിനായി  പ്രത്യേക ബിന്നുകൾ സ്ഥാപിക്കും. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്പോസിബിൾ വസ്തുക്കളും പരമാവധി ഒഴിവാക്കി മാലിന്യം രൂപപ്പെടുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കണമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ  കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന എ.ആർ.ഒ മാർക്കും ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനപരിപാടിയിൽ പ്രത്യേക നിർദ്ദേശം നൽകി. 

കുടിവെള്ളത്തിന് പ്ലാസ്റ്റിക് ബോട്ടിലുകൾ ഒഴിവാക്കുകയും വാട്ടർ ഡിസ്പെൻസർ യൂണിറ്റുകൾ മുഖേന കുടിവെള്ള വിതരണം ചെയ്യുകയും വേണം.നൂറ് ശതമാനം കോട്ടൺ,  പ്ലാസ്റ്റിക് കോട്ടിങ്  ഇല്ലാത്ത പേപ്പർ, പോളി എത്തിലിൻ തുടങ്ങിയ പുനഃചംക്രമണം ചെയ്യാവുന്നതും, പരിസ്ഥിതിക്ക് 
അനുയോജ്യമായ പ്രകൃതി സൗഹൃദ വസ്തുക്കൾ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കണം.  

കൂടാതെ പരസ്യ പ്രചാരണ ബോർഡുകളിൽ പ്രിന്റിംഗ് സ്ഥാപനത്തിന്റെ പേര്,നമ്പർ ,പി.സി.ബി രജിസ്ട്രേഷൻ നമ്പർ, ക്യു ആർ കോഡ് ,പിവിസി മുക്ത റീസൈക്ലബിൾ ലോഗോ തുടങ്ങിയവ നിർബന്ധമായി  ഉണ്ടായിരിക്കണം. ഇലക്ഷൻ ഓഫീസുകൾ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം. തെർമോക്കോളിന്റെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണം. പോളിംഗ് ഉദ്യോഗസ്ഥരും ഏജൻ്മാരും ഭക്ഷണ പദാർത്ഥങ്ങൾ, കുടിവെള്ളം മുതലായവ കൊണ്ടുവരാൻ പ്ലാസ്റ്റിക് ബോട്ടിലുകളും, കണ്ടെയിനറുകളും പരമാവധി ഒഴിവാക്കണം. മാതൃകാ പെരുമാറ്റച്ചട്ട സ്‌ക്വാഡ്, ആന്റി ഡീ ഫേസ്മെന്റ് സ്‌ക്വാഡ് പിടിച്ചെടുക്കുന്ന രാഷ്ട്രീയപാർട്ടികളുടെ, സ്ഥാനാർത്ഥികളുടെ പോസ്റ്റർ, ബാനർ, എന്നിവ തദ്ദേശസ്ഥാപനം ചുമതലപ്പെടുത്തിയിട്ടുള്ള ഏജൻസിക്കോ ഹരിത കർമ്മ സേനയ്ക്ക് കൈമാറണമെന്നും കളക്ടർ നിർദ്ദേശിച്ചു. കൂടാതെ ഹരിതചട്ട മാനദണ്ഡങ്ങളും നിരോധിത വസ്തുക്കളെ തരംതിരിച്ച് മനസ്സിലാക്കുന്നതിനുള്ള പരിശീലനവും നൽകി.

യോഗത്തിൽ ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ കെ. ഇ വിനോദ് കുമാർ, എൻവിയോൺമെന്റ് എൻജിനീയർ സി. വി സ്മിതി, റിട്ടേണിംഗ് ഓഫീസർമാർ, അസി. റിട്ടേണിംഗ് ഓഫീസർമാർ, ആന്റി ഡിഫേഴ്സ്മെന്റ് ചാർജ് ഓഫീസർമാർ, നഗരസഭ, ബ്ലോക്ക് തല ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസർമാർ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date