Skip to main content

ലോക്‌സഭ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ കൃത്യതയോടെയെന്ന് ഉറപ്പാക്കി - ജില്ലാ കലക്ടര്‍

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ കൃത്യതയോടെ തുടരുന്നുവെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഉദ്യോഗസ്ഥവിന്യാസം ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ പരിശോധിക്കുന്നതിനായി ഉപവരണാധികാരികളുടെ യോഗം വിളിച്ചുചേര്‍ത്താണ് വിലയിരുത്തല്‍.

വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകളുടെ വിതരണമാണ് ഇനിയങ്ങോട്ട് നടത്തുക. ഇതിനായി സമയക്രമം നിശ്ചയിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍, ബൂത്ത്തല ഏജന്റുമാര്‍, അംഗീകൃത പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍ അവരുടെ ഏജന്റുമാര്‍ എന്നിവര്‍ക്ക് രേഖാമൂലമാണ് ലഭ്യമാക്കേണ്ടത്. വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പിന് അഞ്ചുദിവസം മുമ്പാണ് നല്‍കുക.

വോട്ടര്‍മാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പട്ടിക ബി.എല്‍. ഒ മാര്‍ക്ക് നല്‍കും. ഇതി വീടുകളിലെത്തി വോട്ടര്‍ക്കോ മുതിര്‍ന്ന കുടുംബാംഗത്തിനോ രേഖാമൂലം കൈമാറി എന്ന സാക്ഷ്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സമര്‍പിക്കണം. വിതരണവേളയില്‍ സ്ഥാനാര്‍ഥിയുടേയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ ഏജന്റിന് പങ്കെടുക്കാം. ഇവരുടെ സാക്ഷ്യം രേഖപ്പെടുത്തി സൂക്ഷിക്കും. സ്ലിപ് വിതരണത്തില്‍ ഒരുതരത്തിലുമുള്ള പക്ഷപാതിത്വം പാടില്ല. വിതരണം സംബന്ധിച്ച പരാതികള്‍ അതീവഗൗരവമായി കാണും.

സെക്ടര്‍ ഓഫീസര്‍മാരാണ് കുറ്റമറ്റരീതിയിലുള്ള സ്ലിപ് വിതരണം ഉറപ്പ്‌വരുത്തേണ്ടത്. ഇതുമായി ബന്ധപ്പെട്ട രജിസ്റ്ററുകള്‍ പരിശോധിക്കുന്നതിനൊപ്പം കൂട്ടമായി വിതരണം നടത്തുന്നില്ലെന്നും ഉറപ്പാക്കണം. പരാതികള്‍ സ്വീകരിക്കുന്നതിന് സംവിധാനവും വേണം. വിതരണം ചെയ്യാത്ത് സ്ലിപുകള്‍ ബി. എല്‍. ഒമാര്‍ വരണാധികാരി/ഉപവരണാധികാരികള്‍ക്ക് തിരികെ നല്‍കണം. ലഭിക്കുന്നവ സീല്‍ചെയ്ത് സൂക്ഷിക്കും. ഇവ തിരികെ വിതരണം ചെയ്യാന്‍ പാടില്ല എന്നും വരണാധികാരി നിര്‍ദേശിച്ചു.  

ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍, എ. ഡി. എം. സി. എസ്. അനില്‍, സബ്കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, ഉപവരണാധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date