Skip to main content

വീട്ടിലെ വോട്ടിന് കൃത്യത ഉറപ്പാക്കി- ജില്ലാ കലക്ടര്‍

വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹതയുള്ളവര്‍ക്ക് സമ്മതിദാന അവകാശം സുരക്ഷിതമായി വിനിയോഗിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ദിവസവും പോളിംഗിന് പുറപ്പെടുംമുമ്പ് വിതരണകേന്ദ്രത്തിലെത്തുന്ന സ്ഥാനാര്‍ത്ഥികളെ /ഏജന്റുമാരെ ഡ്രോപ്പ് ബോക്‌സില്‍ കവറുകള്‍ ഒന്നും തന്നില്ലായെന്ന് ബോധ്യപ്പെടുത്തി ബോക്‌സ് സീല്‍ ചെയ്താണ് നടപടികളുടെ തുടക്കം. ഓരോ വിഭാഗത്തിനും പ്രത്യേകം ഫോം 10 നല്‍കും.

പോളിംഗ് അവസാനിച്ച ശേഷം പോള്‍ പാര്‍ട്ടി സ്വീകരണ കേന്ദ്രത്തില്‍ എത്തിക്കുന്ന ഡ്രോപ്പ് ബോക്‌സ് സന്നിഹിതരായ സ്ഥാനാര്‍ത്ഥികളെ/ഏജന്റുമാരെ ബോധ്യപ്പെടുത്തി, സീല്‍നീക്കി കവറുകള്‍ പുറത്തെടുക്കുകയും ബോക്‌സില്‍ ഒന്നും അവശേഷിച്ചിട്ടില്ലായെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യും. എല്ലാ പോളിംഗ് പാര്‍ട്ടിയില്‍ നിന്നും ആകെ ലഭിച്ച പോള്‍ ചെയ്ത ബാലറ്റ് അടങ്ങിയ കവറുകള്‍ കോട്ടന്‍ ക്യാരി ബാഗിലേയ്ക്ക് മാറ്റി അവിടെയുള്ള സ്ഥാനാര്‍ഥി/ഏജന്റിനെ ബോധ്യപ്പെടുത്തി സീല്‍ചെയ്യും.

 

ഇതേപോലെ സീല്‍ ചെയ്ത കവര്‍ വലിയ പെട്ടിയിലാക്കും. ഓരോ ദിവസവും ഉപയോഗിച്ച തപാല്‍ ബാലറ്റുകളുടെ കൗണ്ടര്‍ഫോയിലുകളും ഒരു പ്രത്യേക പാക്കറ്റില്‍ സീല്‍ ചെയ്ത് സൂക്ഷിക്കും. അതത് ദിവസം പോള്‍ചെയ്ത ബാലറ്റുകള്‍ അടങ്ങുന്ന കവറുകള്‍ഇട്ട പെട്ടി പോലീസ് സുരക്ഷയില്‍ അകത്ത് വീഡിയോ ക്യാമറ ഘടിപ്പിച്ച വാഹനത്തില്‍ എത്തിച്ച് സ്‌ട്രോംഗ് റൂമില്‍ സൂക്ഷിക്കും വിധമാണ് ക്രമീകരണം എന്ന് അറിയിച്ചു.  

 

ഇതുവരെ 718 പേര്‍ വീട്ടില്‍ വോട്ടിട്ടു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫോം 12ഡി വഴി ആബ്‌സെന്റി വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഇതുവരെ വിനിയോഗിച്ചത് 718 പേര്‍. 85 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരിലെ 7563 പേര്‍ക്കാണ് കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ഫോം 12ഡി പോസ്റ്റല്‍ ബാലറ്റിന് അനുമതി ലഭിച്ചത് .ആദ്യഘട്ട 'വീട്ടില്‍ വോട്ട്' ഏപ്രില്‍ 19 വരെയും രണ്ടാം ഘട്ടം 20 മുതല്‍ 24 വരേയുമാണ്. രണ്ടു ദിവസം പിന്നിടുമ്പോള്‍ 718 പേരാണ് സംവിധാനം പ്രയോജനപ്പെടുത്തിയത്.

85 വയസ് കഴിഞ്ഞവരിലെ പോസ്റ്റല്‍വോട്ട് അനുമതിയുള്ള 5308 പേരില്‍ 457 പേര്‍ വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷി വിഭാഗത്തില്‍ 2256 പേര്‍ക്ക് അനുമതിയുള്ളതില്‍ 261 പേര്‍ ഇതുവരെ വോട്ട് ചെയ്തു.

അവശ്യ സര്‍വീസുകളില്‍ (പൊലിസ്, അഗ്‌നിസുരക്ഷ, ജയില്‍, എക്‌സൈസ്, മില്‍മ, വൈദ്യുതി, ജലവിഭവം, കെ.എസ്.ആര്‍.ടി.സി ട്രഷറി, ആരോഗ്യം, വനപാലകര്‍, ഓള്‍ ഇന്ത്യ റേഡിയോ , ദൂര്‍ദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, പോസ്റ്റ് ആന്റ് ടെലിഗ്രാഫ് എന്നീ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്) 1884 പേര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് അനുമതിയുള്ളത് .

എല്ലാവരും സമ്മതിദാന അവകാശം രേഖപ്പെടുത്തി എന്ന് ഉറപ്പാക്കുന്നതിന് കൂടിയാണ് വീട്ടില്‍വോട്ട് ഫോം 12 ഡി പോസ്റ്റല്‍ ബാലറ്റ് വഴി സാധ്യമാക്കുന്നത്. രണ്ടുഘട്ടമായി ആബ്‌സെന്റി വോട്ടര്‍മാരുടെയെല്ലാം വോട്ട് രേഖപ്പെടുത്താനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.

date