Skip to main content

തിരഞ്ഞെടുപ്പ്‍: വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിങ് മലപ്പുറം ജില്ലയില്‍ തുടങ്ങി. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇ.വി.എം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്ത ശേഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ ചെയ്യുന്നതാണ് ഇ.വി.എം കമ്മീഷനിങ് പ്രക്രിയ. പൊന്നാനി, മലപ്പുറം ലോക്‌സഭാ മണ്ഡലങ്ങളിലേക്കും വയനാട് മണ്ഡലത്തില്‍ പെട്ട വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങളാണ് ജില്ലയില്‍ സജ്ജീകരിക്കുന്നത്. ഓരോ നിയമസഭാ മണ്ഡലങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളില്‍ വെച്ച് അസിസ്റ്റന്റ്‍ റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കമ്മീഷനിങ് നടക്കുന്നത്.  വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണ് കമ്മീഷനിങ്. കമ്മീഷനിങ്ങിനോടടൊപ്പം മോക്‌പോളിങും നടത്തുന്നുണ്ട്. ജില്ലയിലെ വിവിധ കമ്മീഷനിങ് കേന്ദ്രങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആര്‍ വിനോദ്, പൊന്നാനി വരണാധികാരിയായ എ.ഡി.എം കെ. മണികണ്ഠന്‍ എന്നിവര്‍ സന്ദർശിച്ചു.
തിരഞ്ഞെടുപ്പു വേളയില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറുണ്ടായാല്‍ പരിഹരിക്കുന്നതിനായി പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി ഭാരത് ഇലക്ടോണിക്സ് ലിമിറ്റഡില്‍ (ബെല്‍) നിന്നുള്ള  28 എഞ്ചിനീയര്‍മാര്‍ ജില്ലയിലെത്തിയിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിലേക്കും രണ്ട് വീതം എഞ്ചിനീയര്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരും കമ്മീഷനിങ് പ്രക്രിയയില്‍ പങ്കെടുക്കുന്നുണ്ട്. ‌കമ്മീഷനിങ് പ്രക്രിയ മുഴുവനായും വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. കമ്മീഷനിങ് ഇന്ന് (ഏപ്രില്‍ 20) പൂര്‍ത്തിയാവും.

date