Skip to main content
,

തിരഞ്ഞെടുപ്പ് ആവേശമാക്കാൻ  കാൽപന്ത് മാമാങ്കം : ഇടുക്കിക്ക്  ലഹരിയായി സ്വീപ് ഫുട്ബോൾ മത്സരം

കാൽപന്ത് കളിയിലെ ഇളം കുരുന്നുകളുടെ പാഠശാലയായ തൊടുപുഴ സോക്കർ സ്കൂൾ മൈതാനത്തെ  മണൽ തരികൾക്ക് ചൂടുപിടിച്ച നിമിഷങ്ങൾ. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആവേശത്തിൽ  കളക്ടേഴ്സ് ഇലവനും ഇടുക്കി ജില്ലാ പോലീസ് ടീമും മാറ്റുരച്ചപ്പോൾ കാണികൾക്ക്  കളിയാവേശത്തിൻ്റെ ഉത്സവ ലഹരി. നാൽപത് മിനിട്ട് നീണ്ട കനത്ത പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജില്ലാ പൊലീസ് ടീം കളക്ടേഴ്സ് ഇലവനെ പരാജയപ്പെടുത്തി. പൊലീസ് ടീമിന് വേണ്ടി  പ്രവീൺ, ഗഫൂർ എന്നിവർ ഗോളുകൾ നേടി.കളക്ടേഴ്സ് ഇലവന് വേണ്ടി എം കെ ആഷിക് ഗോളടിച്ചു.

വോട്ടേഴ്സ് ബോധവൽക്കരണ പരിപാടിയായ സ്വീപ്പിന്റെ  ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരമാണ് ആവേശത്തിൻ്റെയും ആഘോഷത്തിൻ്റെയും നിമിഷങ്ങൾ കാണികൾക്ക് സമ്മാനിച്ചത്. ദേശീയ താരവും പ്രമുഖ അത്‌ലറ്റുമായ സജീഷ് ജോസഫ് മത്സരം കിക്ക് ഓഫ് ചെയ്തു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് , ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് ,സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍, ഇടുക്കി എ ആർ ഒ യും ഡെപ്യൂട്ടി കളക്ടറുമായ കെ മനോജ്, സ്വീപ് നോഡൽ ഓഫീസർ ലിബു ലോറൻസ്, തൊടുപുഴ സോക്കർ സ്കൂൾ ഡയറക്ടർ പി എ സലീം കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

ജേതാക്കൾക്കുള്ള ട്രോഫി ജില്ലാ കലക്ടർ ഷീബ ജോർജ്ജും റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപും സമ്മാനിച്ചു.

date