അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി
ആബ്സന്റീ വിഭാഗത്തില്‍പ്പെട്ട അവശ്യസര്‍വീസ് ജീവനക്കാര്‍ക്കുള്ള (എ.വി.ഇ.എസ്) പോസ്റ്റല്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. ഏപ്രില്‍ 21 മുതല്‍ 23 വരെ തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട 257 പേര്‍ വോട്ട് രേഖപ്പെടുത്തി. കളക്ടറേറ്റിലുള്ള ജില്ലാ പ്ലാനിങ് ഹാളിലാണ് പ്രത്യേക പോസ്റ്റല്‍ വോട്ടിങ് സെന്റര്‍ സജ്ജീകരിച്ചത്. ഇന്നലെ (ഏപ്രില്‍ 23) മാത്രം 55 പേര്‍ വോട്ട് ചെയ്തു.
ഫോം 12 ഡി-യില്‍ വരണാധികാരിക്ക് അപേക്ഷ നല്‍കിയ പോളിങ് ദിവസം ഡ്യൂട്ടിയിലുള്ള അവശ്യസര്‍വീസ് ജീവനക്കാര്‍ക്കാണ് വോട്ട് ചെയ്യാന്‍ അവസരം ഒരുക്കിയിരുന്നത്. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ 323 അവശ്യസര്‍വീസ് ജീവനക്കാരാണ് വോട്ടിങിന് അര്‍ഹരായിട്ടുള്ളത്. ഗുരുവായൂര്‍- 10, മണലൂര്‍- 29, ഒല്ലൂര്‍- 62, തൃശൂര്‍- 50, നാട്ടിക- 41, ഇരിങ്ങാലക്കുട- 42, പുതുക്കാട്- 89 എന്നിങ്ങനെയാണ് നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള കണക്ക്. സംസ്ഥാനത്ത് പൊലീസ്, അഗ്നിരക്ഷാസേന, ജയില്‍, എക്സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, ജലഅതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി, ആരോഗ്യ സര്‍വീസസ്, വനം, ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, പോസ്റ്റ് ആന്‍ഡ് ടെലഗ്രാഫ്, മാധ്യമപ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്നിവയെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവശ്യസര്‍വീസില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
- Log in to post comments