കണ്ണൂര്‍ അറിയിപ്പുകള് 24-04-2024
വെബ്കാസ്റ്റിങ് കണ്ട്രോള് റൂം നമ്പറുകള്‍
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ പോളിങ് സ്റ്റേഷനുകളിലെ വെബ്കാസ്റ്റിങ് മോണിറ്ററിങ് നടക്കുന്ന കണ്ട്രോള് റൂമിലേക്ക് ടെലഫോണ്‍ അനുവദിച്ചു. ഫോണ്‍: 0497 2764645, 2763745.
ഗതാഗതം നിരോധിച്ചു
നാഷണല്‍ ഹൈവേ 66 മാഹിപാലത്തില്‍ അറ്റകുപ്പണി നടത്തേണ്ടതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഏപ്രില്‍ 29 മുതല്‍ മെയ് 10 വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് കണ്ണൂര്‍ ദേശീയപാത ഉപവിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരുന്ന ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താല്‍പാലം വഴി പോകേണ്ടതാണ്. തലശ്ശേരിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചൊക്ലി - മേക്കുന്ന് - മോന്താല്‍പാലം വഴിയോ മാഹിപ്പാലത്തിന്റടുത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താല്‍പാലം വഴിയോ പോകേണ്ടതാണെന്നും അറിയിച്ചു.
ലേണേഴ്സ് ലൈസന്‍സ് പരീക്ഷ മാറ്റി
ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ 26ന് ഇരിട്ടി സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നടത്താനിരുന്ന ലേണേഴ്സ് ലൈസന്‍സ് പരീക്ഷ 29ന് ഉച്ചക്ക് രണ്ട് മണിയിലേക്ക് മാറ്റിയതായി ഇരിട്ടി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0490 2490001.
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ കെ ജി ടി ഇ അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് ആന്റ് ഡാറ്റാ ഇന്ട്രി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0460 2205474, 2954252.
ലോഗോ ക്ഷണിച്ചു
മെയ് മൂന്ന് മുതല്‍ അഞ്ച് വരെയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന കേരളാ ആരോഗ്യ സര്‍വകലാശാലാ സംസ്ഥാനതല ഇന്റര്‍സോണ്‍ അത്ലറ്റിക് മീറ്റിന്റെ ലോഗോ ക്ഷണിച്ചു. ആരോഗ്യരംഗത്ത് കായികമേഖലയുടെ പ്രാധാന്യം' എന്ന വിഷയത്തെ മുന്‍നിര്‍ത്തിയാണ് ലോഗോ തയ്യാറാക്കേണ്ടത്. ലോഗോ സ്വന്തമായി രൂപപ്പെടുത്തിയതായിരിക്കണം. ഡിസൈന്‍ ചെയ്ത ലോഗോ ജെപിഇജെ/പിഡിഎഫ് ഫോര്‍മാറ്റില്‍ logokuhsathleticmeet@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഏപ്രില്‍ 27നകം ലഭ്യമാക്കണം.
കേരളാ ആരോഗ്യ സര്‍വകലാശാലക്ക് കീഴില്‍ വരുന്ന മെഡിക്കല്‍, ദന്തല്‍, ആയുര്‍വേദ, ഹോമിയോ, നഴ്സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍, മറ്റ് അനുബന്ധ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആയിരത്തില്‍പ്പരം അത്ലറ്റുകളാണ് സംസ്ഥാന ഇന്റര്‍ സോണ്‍ അത്ലറ്റിക് മീറ്റിലെ വിവിധ പുരുഷ-വനിതാ മത്സരങ്ങളില്‍ പങ്കെടുക്കുക
- Log in to post comments