Skip to main content

പെരുമാറ്റചട്ട ലംഘനം: 58760 പ്രചാരണ സാമഗ്രികള്‍ നീക്കി, 20.5 ലക്ഷം രൂപ പിടിച്ചു

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നതു മുതല്‍ ഇതുവരെ ജില്ലയില്‍ 58760 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. എം സി സി നിരീക്ഷണ സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് നടപടി. പോസ്റ്റര്‍, ബാനര്‍, കൊടിതോരണങ്ങള്‍ തുടങ്ങി പൊതുസ്ഥലത്തെ 58617 എണ്ണവും സ്വകാര്യ സ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ച 143 എണ്ണവുമാണ് മാറ്റിയത്.

  ചെലവ് നിരീക്ഷണത്തിനായി രൂപീകരിച്ച ഇലക്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്ലിന് കീഴിലുള്ള സ്‌ക്വാഡുകള്‍ ഇതുവരെ 20.5 ലക്ഷം രൂപയും പിടികൂടി. ഇതു കൂടാതെ 29 ലിറ്റര്‍ മദ്യവും 23 മൈബൈല്‍ ഫോണും മൂന്ന് പാക്കറ്റ് ഗുഡ്കയും പിടിച്ചെടുത്തു.

വിവിധ നിയോജക മണ്ഡലങ്ങളിലായി പൊതുസ്ഥലത്ത് പതിപ്പിച്ച 42904 പോസ്റ്റര്‍, 6724 ബാനര്‍, 2687 ചുവരെഴുത്ത്, 6302 മറ്റ് പ്രചാരണ സാമഗ്രികള്‍ എന്നിവയാണ് ഒഴിവാക്കിയത്. തിങ്കളാഴ്ച മാത്രം പൊതുസ്ഥലത്ത് നിന്ന് 1143 എണ്ണവും സ്വകാര്യ സ്ഥലത്ത് നിന്ന് 33 എണ്ണവും മാറ്റിയിരുന്നു. സ്വകാര്യ സ്ഥലത്ത് സ്ഥലയുടമയുടെ അനുമതിയില്ലാതെ പതിപ്പിച്ച 87 പോസ്റ്റര്‍, 50 ബാനര്‍, നാല് ചുവരെഴുത്ത്, രണ്ട് മറ്റ് പ്രചാരണ സാമഗ്രികള്‍ എന്നിവയും നീക്കി. പരിശോധനക്കിടെ കണ്ടെത്തിയും പരാതികളുടെ അടിസ്ഥാനത്തിലുമാണ് നടപടി. എംസിസി നോഡല്‍ ഓഫീസര്‍ എഡിഎം കെ നവീന്‍ബാബുവിന്റെ നേതൃത്വത്തിലാണ് എംസിസി സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം.

ഫ്ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വ്വയലയന്‍സ്, വീഡിയോ സര്‍വ്വയലയന്‍സ്, വീഡിയോ വ്യൂയിങ് ടീം, അക്കൗണ്ടിങ് ടീം എന്നീ അഞ്ച് സ്‌ക്വാഡുകളായാണ് ഇലക്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തിക്കുന്നത്.

date