Skip to main content

ഹയർസെക്കന്ററി പരീക്ഷ: 78.69% പേർക്ക് ഉപരിപഠന യോഗ്യത

*39242 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

രണ്ടാം വർഷ ഹയർസെക്കന്ററി പരീക്ഷയിൽ 78.69 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 2024 സ്‌കൂളുകളിലായി സ്‌കൂൾ ഗോയിംഗ് റഗുലർ വിഭാഗത്തിൽ 3,74,755 പേർ പരീക്ഷ എഴുതിയതിൽ 2,94,888 പേർ ഉന്നത പഠനത്തിന് യോഗ്യത നേടിയതായി ഫലപ്രഖ്യാപനം നടത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 82.95 ആയിരുന്നു. ഒന്നാം വർഷ പരീക്ഷയുടെ സ്‌കോറുകൾ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിർണയിച്ചിരിക്കുന്നത്. ഫിസിക്‌സ്കെമിസ്ട്രിമാത്തമറ്റിക്‌സ് വിഷയങ്ങൾക്ക് ഇരട്ട മൂല്യനിർണയരീതിയാണ് അവലംബിച്ചത്.

1,93,289 പെൺകുട്ടികളിൽ 1,68,561 പേരും (87.21%), 1,81,466 ആൺകുട്ടികളിൽ 1,26,327 പേരും (69.61%) ഉപരിപഠനത്തിന് യോഗ്യത നേടി. 1,89,411 സയൻസ് വിദ്യാർത്ഥികളിൽ 1,60,696 പേരും (84.84%), 76,235 ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളിൽ 51,144 പേരും (67.09%), 1,09,109 കോമേഴ്‌സ് വിദ്യാർത്ഥികളിൽ 83,048 പേരും (76.1%) ഉപരി പഠനത്തിന് യോഗ്യത നേടി. പട്ടികജാതി വിഭാഗത്തിൽ 35,781 ൽ 20,343 പേരും (56.85%) പട്ടികവർഗ്ഗ വിഭാഗത്തിൽ 5,815 ൽ 3,135 പേരും (53.91%) ഒ.ഇ.സി വിഭാഗത്തിൽ 9,472 ൽ 6,630 പേരും (70.00%) ഒ.ബി.സി. വിഭാഗത്തിൽ 2,48,876 ൽ 1,99,117 പേരും (80.01%) ജനറൽ വിഭാഗത്തിൽ 74,811 ൽ 65,663 പേരും (87.77%) ഉപരി പഠനത്തിന് അർഹത നേടി.

എയിഡഡ് മേഖലയിലെ സ്‌കൂളുകളിൽ നിന്ന് 1,84,490 ൽ 1,52,147 പേരും (82.47%) ഗവൺമെന്റ് മേഖലയിലെ 1,63,920 ൽ 1,23,046 പേരും (75.06%) അൺഎയിഡഡ് മേഖലയിലെ 26,071 ൽ 19,425 പേരും (74.51%) ഉപരി പഠനത്തിന് യോഗ്യരായി.

റഗുലർ സ്‌കൂൾ ഗോയിംഗ് വിഭാഗത്തിൽ 39,242 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡിനർഹത നേടി. ഇതിൽ 29,718 പേർ പെൺകുട്ടികളും 9,524 പേർ ആൺകുട്ടികളുമാണ്. സയൻസ് വിഭാഗത്തിൽ 31,214 പേർക്കും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 2,753 പേർക്കും കോമേഴ്‌സ് വിഭാഗത്തിൽ 5,275 പേർക്കും എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചു. ഇതിൽ 105 കുട്ടികൾക്ക് മുഴുവൻ സ്‌കോറും 1200/1200 ലഭിച്ചു. 63 സ്കൂളുകൾ 100വിജയം നേടിഇതിൽ ഏഴെണ്ണം സർക്കാർ സ്കൂളുകളും 17 എണ്ണം എയ്ഡഡ് സ്കൂളുകളും 27 എണ്ണം അൺഎയ്ഡഡ് സ്കൂളുകളും 12 എണ്ണം സ്പെഷ്യൽ സ്കൂളുകളുമാണ്. സർക്കാർ സ്കൂളുകളുടെ എണ്ണം ഏഴിൽ നിൽക്കുന്നതു സംബന്ധിച്ച പ്രാഥമിക പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറകടറെ ചുമതലപ്പെടുത്തി.

44,387 പേർ എല്ലാ വിഷയങ്ങൾക്കും ഗ്രേഡോ അതിനു മുകളിലോ 50,159 പേർ എല്ലാ വിഷയങ്ങൾക്കും B+ ഗ്രേഡോ അതിനു മുകളിലോ 61,387 പേർ എല്ലാ വിഷയങ്ങൾക്കും ഗ്രേഡോ അതിനു മുകളിലോ 62,500 പേർ C+ ഗ്രേഡോ അതിനു മുകളിലോ 37,071 പേർ ഗ്രേഡോ അതിനു മുകളിലോ 142 പേർ D+ ഗ്രേഡോ അതിനു മുകളിലോ നേടുകയുണ്ടായി. 79,308 പേർക്ക് D ഗ്രേഡും 408 പേർക്ക് ഗ്രേഡുമാണ് ലഭിച്ചിട്ടുള്ളത്. തിയറി പരീക്ഷക്ക്ഗ്രേസ് മാർക്കിനർഹതയുണ്ടെങ്കിൽ ആയത് സഹിതം 30 ശതമാനം സ്‌കോറും, TE, CE, PE എന്നിവക്കെല്ലാം കൂടി 30 ശതമാനമോ അതിന് മുകളിലോ സ്‌കോർ ലഭിക്കുന്ന വിദ്യാർത്ഥിക്ക് മാത്രമേ ഉപരി പഠനത്തിനർഹതയുണ്ടായിരിക്കുകയുള്ളൂ.

വിജയ ശതമാനം ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലും (84.12%) ഏറ്റവും കുറവ് വയനാട് ജില്ലയിലുമാണ് (72.13%). ഏറ്റവും കൂടുതൽ വിദ്യാർഥികളെ (791 പേർ) പരീക്ഷയ്ക്ക് സജ്ജരാക്കിയ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർസെക്കന്ററി സ്‌കൂൾ 84.83% പേരെ ഉപരിപഠനത്തിന് യോഗ്യരാക്കി. മലപ്പുറം ജില്ലയിലെ എസ്.വി ഹയർസെക്കന്ററി സ്‌കൂൾ പാലേമേട്എം.എസ്.എം. ഹയർ സെക്കന്ററി സ്‌കൂൾ കല്ലിങ്ങൽപ്പറമ്പഎന്നീ സ്‌കൂളുകളിൽ യഥാക്രമം 740 ഉം 730 ഉം വിദ്യാർഥികൾ പരീക്ഷ എഴുതി. വിജയശതമാനം യഥാക്രമം 75.68 ഉം 93.86 ഉം ആണ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ മുഴുവൻ വിഷയങ്ങൾക്കും A+ ഗ്രേഡിനർഹരാക്കിയ ജില്ല മലപ്പുറം (5,659) ആണ്. നൂറു ശതമാനം വിജയം കരസ്ഥമാക്കിയ 63 സ്‌കൂളുകളാണുള്ളത്.

ടെക്‌നിക്കൽ സ്ട്രീം

ഹയർസെക്കന്ററിയുടെ സിലബസ് പിന്തുടരുന്ന 15 ടെക്‌നിക്കൽ സ്‌കൂളുകളിൽ നിന്നായി 1,494 പേർ പരീക്ഷയ്ക്കിരുന്നതിൽ 1,046 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. (70.01%). 73 പേർക്ക് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചു.

ആർട്ട് സ്ട്രീം

കേരള കലാമണ്ഡലം ആർട്ട് ഹയർസെക്കന്ററി സ്‌കൂളിൽ 60 വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്നതിൽ 60 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 100.

സ്കോൾ കേരള

36,077 വിദ്യാർഥികൾ സ്‌കോൾ കേരള മുഖാന്തിരം പരീക്ഷ എഴുതിയതിൽ 14,652 പേർ ഉപരിപഠനത്തിന് അർഹത നേടി. വിജയശതമാനം 40.61. ഇതിൽ 567 പേർ എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് നേടി. സയൻസ് വിഭാഗത്തിൽ നിന്ന് 2,412 പേരിൽ 2,052 പേരും (85.07%), ഹ്യുമാനിറ്റീസ് വിഭാഗത്തിൽനിന്ന് 20,677 പേരിൽ 7,965 പേരും (38.52%), കോമേഴ്‌സ് വിഭാഗത്തിൽ നിന്ന് 12,988 പേരിൽ 4,635 പേരും (35.69%), ഉപരിപഠനത്തിന് അർഹത നേടി. ഓപ്പൺ പഠന വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷയ്ക്കിരുന്നത് മലപ്പുറം ജില്ലയിലാണ് 15,402 പേർ.

പ്രൈവറ്റ് കമ്പാർട്ട്‌മെന്റൽ വിദ്യാർഥികൾ

2017 മാർച്ച് മുതൽ 2023 മാർച്ച് വരെ ഹയർ സെക്കന്ററി പരീക്ഷകൾ എഴുതി ഉപരിപഠനത്തിന് യോഗ്യത നേടാത്തവരും 2023 സെപ്റ്റംബർ ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതിയവരും 2024 മാർച്ച് പരീക്ഷക്ക് രജിസ്റ്റർ ചെയ്തവരുമാണ് ഈ വിഭാഗത്തിൽ പെടുക. 16,941 പേർ പരീക്ഷ എഴുതിയതിൽ 3,011 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 17.77.

ഒന്നും രണ്ടും വർഷ പൊതുപരീക്ഷകളുടെ സ്‌കോറുകളും നിരന്തര മൂല്യനിർണ്ണയ സ്‌കോറും പ്രായോഗിക പരീക്ഷയുടെ സ്‌കോറും ഗ്രേസ് മാർക്കും ഇത്തവണത്തെ സർട്ടിഫിക്കറ്റിൽ പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. ഓരോ വിഷയത്തിനും ലഭിച്ച മൊത്തം സ്‌കോറും ഗ്രേഡും സർട്ടിഫിക്കറ്റിൽ ലഭിക്കും. സർട്ടിഫിക്കറ്റിന്റെ വിതരണം ജൂലൈയിൽ പൂർത്തീകരിക്കും. 2013 മുതൽ സർട്ടിഫിക്കറ്റുകൾ സ്‌കൂൾ സീലുംപ്രിൻസിപ്പലിന്റെ ഒപ്പും രേഖപ്പെടുത്തിയാണ് നൽകുന്നത്. സർട്ടിഫിക്കറ്റിന്റെ കൗണ്ടർ ഫോയിലുകൾ സ്‌കൂളിൽ സൂക്ഷിക്കും. കംപാർട്ട്‌മെന്റലായി പരീക്ഷ എഴുതി ഉന്നത പഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികൾക്ക് അവർ മുൻ പരീക്ഷയിൽ യോഗ്യത നേടിയ സ്‌കോറുകളും ഇത്തവണ നേടിയ സ്‌കോറുകളും ചേർത്തുള്ള കൺസോളിഡേറ്റഡ് സർട്ടിഫിക്കറ്റുകളും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും നൽകുന്നതിനുള്ള സൗകര്യങ്ങൾ ഡയറക്ടറേറ്റിൽ നിലവിലുണ്ട്. കുട്ടികളുടെ ഫോട്ടോയും മറ്റു അനുബന്ധവിവരങ്ങളും ഉൾപ്പെടുത്തിയ പരിഷ്‌കരിച്ച സർട്ടിഫിക്കറ്റുകളാണ് 2020 മുതൽ നൽകിവരുന്നത്.

സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ

2024 മാർച്ചിലെ രണ്ടാംവർഷ പരീക്ഷയിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങൾക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. 2024 മാർച്ചിലെ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും D+ ഗ്രേഡോ അതിനു മുകളിലോ ലഭിച്ചവർക്ക് അവർ ആഗ്രഹിക്കുന്ന പക്ഷം ഏതെങ്കിലും ഒരു വിഷയം ഇംപ്രൂവ് ചെയ്യാവുന്നതാണ്.

2024 ലെ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് മേയ് 13 വരെ അപേക്ഷിക്കാം. ജൂൺ 12 മുതൽ 20 വരെയാകും പരീക്ഷ.  

പുനർമൂല്യനിർണ്ണയം

വിദ്യാർഥികൾക്ക് പുനർമൂല്യനിർണ്ണയത്തിനോ ഉത്തരക്കടലാസുകളുടെ പകർപ്പിനോ സൂക്ഷ്മ പരിശോധനയ്ക്കോ അപേക്ഷിക്കാവുന്നതാണ്. ഇരട്ട മൂല്യനിർണ്ണയം നടന്ന ഫിസിക്‌സ്കെമിസ്ട്രിമാത്തമറ്റിക്‌സ് വിഷയങ്ങൾക്ക് പുനർമൂല്യനിർണയവും സൂക്ഷ്മ പരിശോധനയും ഉണ്ടായിരിക്കുന്നതല്ല. എന്നാൽ അവർക്ക് ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾഅവരവർ രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലാണ് സമർപ്പിക്കേണ്ടത്. ഡയറക്ടറേറ്റിൽ അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാഫോറങ്ങളുടെ മാതൃക സ്‌കൂളുകളിലും ഹയർസെക്കന്ററി പോർട്ടലിലും ലഭ്യമാണ്. പുനർമൂല്യനിർണ്ണയത്തിന് 500 രൂപയും ഉത്തരക്കടലാസ്സുകളുടെ പകർപ്പിന് 300 രൂപയും സൂഷ്മ പരിശോധനയ്ക്ക് 100 രൂപയുമാണ് പേപ്പറൊന്നിന് ഫീസ്. അപേക്ഷകൾ മേയ് 9 മുതൽ സ്കൂളുകളിൽ സമർപ്പിക്കാവുന്നതാണ്. പുനർമൂല്യനിർണയത്തിന് മേയ് 14 വരെ അപേക്ഷിക്കാം.

പി.എൻ.എക്‌സ്. 1633/2024

 

 

date