Skip to main content

കൊപ്രയുടെ താങ്ങുവില പദ്ധതി പ്രകാരം പച്ചത്തേങ്ങ സംഭരിക്കും

വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ അഗളി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കരിമ്പുഴ, കോട്ടായി, മലമ്പുഴ, പെരുമാട്ടി, പുതുപ്പരിയാരം, വടകരപതി, വാണിയംകുളം, വിയ്യകുറിശ്ശി എന്നീ സ്വാശ്രയ കര്‍ഷക സമിതികള്‍ വഴി കൊപ്രയുടെ താങ്ങുവില പദ്ധതി പ്രകാരം കര്‍ഷകരില്‍ നിന്നും പച്ച തേങ്ങ സംഭരിച്ച് കൊപ്രയാക്കി നാഫെഡിന് കൈമാറും. സംഭരണവുമായി ബന്ധപ്പെട്ട് നാഫെഡിന്റെ  ഇ-സമൃദ്ധി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കേ താങ്ങുവില പ്രകാരം ആനുകൂല്യം ലഭിക്കു. ഇതിലേക്കായി കര്‍ഷകരുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ഭൂനികുതി രസീത് എന്നിവയുടെ പകര്‍പ്പ്, കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ കര്‍ഷകര്‍ ഹാജരാക്കണം. സ്വാശ്രയ കര്‍ഷക സമിതികളില്‍ കൊപ്ര ആക്കുന്നതിനു വേണ്ടി പച്ചത്തേങ്ങ നല്‍കുന്ന കര്‍ഷകന് ഒരു കിലോഗ്രാം പച്ചത്തേങ്ങക്ക് 30.132 രൂപ സ്റ്റേറ്റ് ലെവല്‍ ഏജന്‍സികള്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. 3.868 രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ഈ പോര്‍ട്ടല്‍ മുഖേനയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായോ വി.എഫ്.പി.സി.കെ കര്‍ഷക സമിതി ഉദ്യോഗസ്ഥരുമായോ ബന്ധപ്പെടാമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505075.
 

date