പൊന്നാനിയില്‍ പി.എം.എ.വൈ ലൈഫ് പദ്ധതി കാലതാമസമില്ലാതെ പൂര്‍ത്തീകരിക്കും
ഭവന നിര്‍മാണ പദ്ധതികളിലെ കാലതാമസം ഒഴിവാക്കി പി.എം.എ.വൈ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ പൊന്നാനി നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലായിരുന്നു യോഗം.
പദ്ധതിയുടെ കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേക പ്രകാരം ഹഡ്‌കോയില്‍ നിന്ന് വായ്പ എടുത്താണ് പി.എം.എ.വൈ ലൈഫ് പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനൊരുങ്ങുന്നത്. പദ്ധതിയില്‍ നഗരസഭയില്‍ നിന്ന് 1376 പേരാണ് ഡി.പി.ആര്‍ സമര്‍പ്പിച്ചത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ 152 പേര്‍ ഒഴിവായതോടെ 1194 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
വീട് നിര്‍മാണത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ തദ്ദേശ സ്വയം ഭരണ സ്ഥാപനവും ഒന്നര ലക്ഷം കേന്ദ്ര സര്‍ക്കാറും 50,000 രൂപ സംസ്ഥാന സര്‍ക്കാറുമാണ് നല്‍കേണ്ടത്. ഇത് പ്രകാരം 23 കോടി 88 ലക്ഷം രൂപ പൊന്നാനി നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും അനുവദിക്കേണ്ടി വരും. ഈ വര്‍ഷം മാത്രം നാല് കോടി രൂപ നല്‍കേണ്ടി വരും. ഇത്രയും വലിയ തുക ഭവന നിര്‍മ്മാണത്തിന് ചെലവഴിക്കാനുള്ള പ്രയാസം മനസ്സിലാക്കിയാണ് സര്‍ക്കാര്‍ ഹഡ്‌കോയില്‍ നിന്ന് വായ്പ അനുവദിക്കാന്‍ തീരുമാനിച്ചത്. വായ്പയുടെ പലിശ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് അടക്കും. 15 തവണയായിയുള്ള തിരിച്ചടവ് മാത്രം നഗരസഭ നല്‍കിയാല്‍ മതി. ഒറ്റത്തവണയായി വായ്പ എടുക്കുന്നതോടെ ഓരോ വര്‍ഷവും നഗരസഭ ബജറ്റില്‍ ഭവന നിര്‍മ്മാണത്തിനായി വലിയ തുക നീക്കി വെക്കേണ്ടി വരില്ല. കൂടാതെ ഭവന പദ്ധതികള്‍ യഥാസമയം പൂര്‍ത്തീകരിക്കാനും കഴിയും. പൊന്നാനി നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
- Log in to post comments