Skip to main content

ഹജ്ജ് 2024: കേരളത്തില്‍ നിന്നുള്ള 332 തീര്‍ഥാടകര്‍ മക്കയിലെത്തി

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കര്‍മ്മത്തിന് പുറപ്പെട്ട ആദ്യത്തെ രണ്ട് സംഘങ്ങള്‍ മക്കയിലെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 12.58 നും രാവിലെ 8.27 നുമായി കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആദ്യ രണ്ട് വിമാനങ്ങളില്‍ പുറപ്പെട്ട 332 പേരാണ് മക്കയിലെത്തിയത്. രണ്ട് വിമാനങ്ങളിലും 85 വീതം പുരുഷന്മാരും 81 വീതം സ്ത്രീകളും യാത്ര തിരിച്ചത്. മൂന്നാമത്തെ വിമാനം ഇന്ന് (ചൊവ്വ) വൈകീട്ട് 3 മണിക്ക് ജിദ്ദയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 

 

രണ്ടാം ദിവസമായ ബുധനാഴ്ചയും മൂന്ന് വിമാനങ്ങളാണുള്ളത്. പുലര്‍ച്ചെ 12.05, രാവിലെ 8, വൈകീട്ട് 5 മണി സമയങ്ങളില്‍ പുറപ്പെടും. 166 പേര്‍ വീതം ആകെ 498 പേര്‍ യാത്ര തിരിക്കും. ജൂണ്‍ 9 വരെയായി ഓരോ ദിവസവും മൂന്ന് വീതം ആകെ 59 ഷെഡ്യൂളുകളാണ് കരിപ്പൂരില്‍ നിന്ന് ക്രമീകരിച്ചിരിക്കുന്നത്. ജൂണ്‍ 8 ന് നാലും 9 ന് ഒരു ഷെഡ്യൂളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആകെ 10,430 തീര്‍ഥാടകരാണ് കരിപ്പൂര്‍ വിമാനത്താവളം വഴി യാത്രയാകുക. കൊച്ചി വഴിയും 4273 ഉം കണ്ണൂര്‍ വഴി 3135 ഉം പേര്‍ യാത്രയാകും.

date