പൈതൃക ഗ്രാമം പദ്ധതിയില്‍ അരുവാക്കോടും
സംസ്ഥാന സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെ പൈതൃക ഗ്രാമം പദ്ധതിയില്‍ അരുവാക്കോട് മണ്‍പാത്ര നിര്‍മ്മാണ ഗ്രാമത്തെ ഉള്‍പ്പെടുത്തി. ഗ്രാമീണ കലാകാരന്മാരുടെയും കരകൗശല വിദഗ്ദരുടെയും പ്രാദേശിക നൈപുണ്യം ശക്തിപ്പെടുത്തുക. കലാകാരന്മാര്ക്കും കരകൗശല വിദഗ്ദര്ക്കുമായി നൈപുണ്യ പ്രദര്‍ശന വേദികള്‍ ഒരുക്കുക. അവര്‍ക്കായി പുതിയ അവസരങ്ങള്‍ ഒരുക്കുക. ഈടുറ്റ വിപണി ബന്ധങ്ങള്‍ സ്ഥാപിച്ചു ഉപജീവന മാര്‍ഗ്ഗങ്ങള്‍ സുസ്ഥിരമാക്കുക തുടങ്ങിയ വിപുലമായ ലക്ഷ്യങ്ങളോടെയാണ് ബൃഹത് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിലെ 20 ഗ്രാമങ്ങളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിലൊന്നായാണ് നിലമ്പൂര്‍ അരുവാക്കോട് മണ്‍പാത്ര നിര്‍മ്മാണ ഗ്രമത്തെ ഉള്‍പ്പെടുത്തിയത്.
പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ഇതിന്റെ ഭാഗമായി ഏകദിന ശില്‍പ്പശാല നിലമ്പൂര്‍ ജോസ്ഗിരി ചര്‍ച്ച് ഹാളില്‍ നടന്നു. പി. വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ പി.രാധ, പൈതൃക ഗ്രാമം പ്രോജക്റ്റ് ഹെഡ് കെ.ചന്ദ്രന്, എം.ടി. സുരേഷ് ബാബു, മോഹന്‍ദാസ്, വി.പ്രദീപ്, ഇസ്ഹാക് അടുക്കത്ത്, സി.ആര്.വിഷ്ണുപ്രിയ, എ.ഗോപാലന്, എ.രാമസ്വാമി, ആന്തൂര്‍ സുരേഷ് ബാബു, മണി എന്നിവര്‍ സംസാരിച്ചു.
- Log in to post comments