Skip to main content

ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ രക്ഷിതാക്കളിലെത്തിക്കാന്‍ വെബ്സൈറ്റ്

 

ജില്ലാ പഞ്ചായത്തിന് കീഴിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം, ഹാജര്‍ നില തുടങ്ങിയ വിവരങ്ങള്‍ രക്ഷിതാക്കളെ മൊബൈല്‍ ഫോണില്‍ എസ്.എം.എസ് വഴി അറിയിക്കുന്നതിനായി തയ്യാറാക്കിയ വെബ് അധിഷ്ടിത സംവിധാനമായ സഹായ സോഫ്റ്റ് വെയറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 88 ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള വൈദ്യുതി ചിലവിലേക്കുള്ള 15.35 ലക്ഷം രൂപയുടെ വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു.

സ്വകാര്യ സ്‌കൂളുകളോട് കിടപിടിക്കുന്ന ഭൗതിക സൗകര്യങ്ങള്‍ ഇതിനകം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലുമൊരുങ്ങിയിട്ടുണ്ട്. ഇതോടൊപ്പമാണ് പുതിയ കാലത്തിന് യോജിച്ച സാങ്കേതികത ഉള്‍പ്പെടുത്തി സഹായ സോഫ്റ്റ് വെയര്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഇര്‍ഫര്‍മേഷന്‍ കേരള മിഷന്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളോടൊപ്പം സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ ഹാജര്‍ നിലയും അതാത് ദിവസങ്ങളില്‍ രക്ഷിതാക്കള്‍ക്ക് എസ്.എം.എസ് വഴി ലഭ്യമാകും. സ്‌കൂള്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ വാഹനത്തിന്റെ അപ്പോഴത്തെ നില സംബന്ധിച്ച നിരീക്ഷണങ്ങള്‍ക്കും സഹായയുടെ സഹായം ലഭ്യമാകും. സ്‌കൂളുകള്‍ക്ക് പ്രഖ്യാപിക്കുന്ന അവധികള്‍ സംബന്ധിച്ചും രക്ഷിതാക്കള്‍ക്ക് സന്ദേശമെത്തിക്കാന്‍ ഇതിലൂടെ സാധ്യമാകും.

സ്‌കൂളുകള്‍ക്ക് വിദ്യാര്‍ത്ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കുന്നതിനുള്ള പ്രത്യേക സൗകര്യവും സഹായയില്‍ ലഭ്യമാക്കിയിട്ടുണ്ട്. സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നിരീക്ഷണ ചുമതലയുള്ള സംസ്ഥാന ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും സഹായ വെബ്സൈറ്റില്‍ പ്രവേശിച്ച് രഹസ്യ കോഡ് ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കാനാവും. കാണാതായ കുട്ടികളെ സംബന്ധിച്ച വിവര ശേഖരണങ്ങള്‍ക്ക് പോലീസ് സേനക്കും വെബ്‌സൈറ്റ് ഉപകാരപ്പെടും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ആരോഗ്യ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, സെക്രട്ടറി പ്രീതി മേനോന്‍, ഫിനാന്‍സ് ഓഫീസര്‍  എ.സി. ഉബൈദുള്ള എന്നിവര്‍ പങ്കെടുത്തു.

 

date