Skip to main content

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം

മഴയുടെ പശ്ചാത്തലത്തില്‍ പനിഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കരോഗങ്ങള്‍ എന്നിവയ്ക്കാണ് കൂടുതല്‍ സാധ്യത.

പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകള്‍ വഴിയാണ് ഡെങ്കിപനി പകരുന്നത്. വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയപാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, വീടിനുള്ളില്‍ അലങ്കാര ചെടികള്‍ വളര്‍ത്തുന്ന കുപ്പികള്‍, ചെടികളുടെ അടിയില്‍ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞിട്ടിരിക്കുന്ന ടയറുകള്‍, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, റബ്ബര്‍ പാല്‍ സംഭരിക്കുന്ന ചിരട്ടകള്‍, കമുങ്ങിന്‍ പാളകള്‍, കക്കത്തോട്, നിര്‍മ്മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്സ്, സണ്‍ഷെയ്ഡ്, പാത്തികള്‍ തുടങ്ങിയവയില്‍ കെട്ടികിടക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിട്ട് പെരുകുന്നത്.

പ്ലാന്റേഷന്‍ മേഖലകളില്‍ റബ്ബര്‍ പാല്‍ ഉല്പാദിപ്പിക്കാത്ത സമയങ്ങളില്‍ ചിരട്ടകള്‍ കമഴ്ത്തി വയ്‌ക്കേണ്ടതാണ്. കരയ്ക്ക് കയറ്റി വെച്ചിരിക്കുന്ന വള്ളം/ബോട്ട്, ബോട്ടുകളുടെ വശത്ത് കെട്ടിവച്ചിരിക്കുന്ന ടയറുകള്‍, അലക്ഷ്യമായി വലിച്ചെറിയുന്ന ഐസ് ബോക്‌സ്/ തെര്‍മോക്കോള്‍ ബോക്‌സ് എന്നിവയിലെ ജലം, ആക്രി ശേഖരണശാലകളിലെ പാഴ്‌വസ്തുക്കളിലെ ജലം, ഉപയോഗശൂന്യമായി ഉപേക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ എന്നിവയിലെ മഴവെള്ള ശേഖരവുമാണ് തീരദേശത്തെയും നഗരപ്രദേശത്തെയും ഡെങ്കിവ്യാപനത്തിന് പ്രധാന കാരണം.

 

 എലിപ്പനി രോഗാണുവാഹകരില്‍ എലികള്‍ മാത്രമല്ല, നായ്ക്കളും മറ്റു വളര്‍ത്തുമൃഗങ്ങളും കന്നുകാലികളും ഉള്‍പ്പെടും. അവയുടെ വിസര്‍ജ്യത്താല്‍ മലിനമായ വെള്ളവുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ രോഗം പകരും. കൈകാലുകളില്‍ മുറിവ് ഉള്ളപ്പോള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നത് രോഗം പകരുവാനിടയാക്കുമെന്ന തിനാല്‍ അത് കര്‍ശനമായി ഒഴിവാക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, കൃഷിസംബന്ധമായി ചേറിലും ചെളിയിലും ജോലി ചെയ്യുന്നവര്‍, മലിനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴിക്കണം. ആഹാരത്തിന് ശേഷം ആണ് കഴിക്കേണ്ടത്. ജോലി ആരംഭിക്കുന്നതിന്റെ തലേദിവസം കഴിക്കണം. ആഴ്ചയിലൊരിക്കല്‍ എന്ന തോതില്‍, പരമാവധി 6 ആഴ്ച്ച വരെ ഡോക്സിസൈക്ലിന്‍ കഴിക്കാം.

 

യാത്രാവേളകളില്‍ വെള്ളക്കെട്ടില്‍ ഇറങ്ങേണ്ടി വന്നാല്‍ എലിപ്പനി സാധ്യത സംശയിക്കേണ്ടതാണ്. കഴിയുന്നതും വേഗം കാല്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. കാലുകളില്‍ മുറിവ് ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ കഴിക്കുക പനി, തലവേദന ,കാലുകളലെ പേശികളില്‍ വേദന തുടങ്ങിയലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ചികിത്സ തേടുക. മലിന ജലവുമായി സമ്പര്‍ക്കത്തില്‍പ്പെട്ട വിവരം ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം.

 

 വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) - മഴക്കാലത്ത് ഏറ്റവും സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വെള്ളത്തില്‍ കൂടി വയറിളക്കരോഗങ്ങളും മഞ്ഞപ്പിത്തവുമാണ് പകരുക. ഇതൊഴിവാക്കുവാന്‍ ശുചിത്വം കര്‍ശനമായി പാലിക്കണം. ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകുന്നത് ഒരു പരിധി വരെ വയറിളക്ക രോഗങ്ങള്‍ പകരുന്നത് തടയും. ആഹാരത്തിന് മുന്‍പും, ശുചി മുറി ഉപയോഗിച്ചശേഷവും നിര്‍ബന്ധമായും സോപ്പുപയോഗിച്ചു കഴുകണം.

 

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുവാന്‍ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി ഉപയോഗിക്കരുത്. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണര്‍ ആഴ്ചയിലൊരിക്കല്‍ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് ശുദ്ധീകരിക്കണം. ഹോട്ടലുകളിലും സോഡ നിര്‍മാണ യൂണിറ്റുകളിലും കുടിവെള്ള സ്രോതസ്സ് ആയി ഉപയോഗിക്കുന്ന കിണറുകളിലെ വെള്ളത്തിന്റെ ഗുണ നിലവാരം മാസത്തിലൊരിക്കല്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം. പനി, തലവേദന, ഛര്‍ദ്ദി, ക്ഷീണം, മനംപിരട്ടല്‍ എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ രോഗലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം ബാധിച്ച രോഗികള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുകയും വീട്ടില്‍ വിശ്രമിക്കുകയും വേണമെന്ന് ഡി. എം. ഒ അറിയിച്ചു.

date