Skip to main content

മഴക്കെടുതി അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ച് മാറ്റും - ജില്ലാ കലക്ടര്‍

മണ്‍സൂണ്‍കാല മുന്നൊരുക്കങ്ങളുടെഭാഗമായി സ്വകാര്യവ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഭൂമിയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ചുമാറ്റുമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. മഴക്കെടുതിയുമായി ബന്ധപ്പെട്ട ദുരന്തലഘൂകരണത്തിന് ആവശ്യമായ നടപടികള്‍ ദുരന്തനിവാരണ വിഭാഗം സ്വീകരിച്ചു വരികയാണ്.

 

വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയിലെ മരങ്ങള്‍ വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുവാനുള്ള ബാധ്യത അതത് വ്യക്തികള്‍ക്ക് /സ്ഥാപനങ്ങള്‍ക്കായിരിക്കും. മരം മുറിച്ച്മാറ്റുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലവിലുള്ള കേസുകള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനമേധാവിമാര്‍ അടിയന്തരമായി തീര്‍പ്പ് കല്‍പിക്കണം. പൊതുസ്ഥലങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു് മാറ്റുന്നതിന് തദ്ദേശസ്വയം സ്ഥാപനങ്ങളുടെ മേധാവിമാരും ബന്ധപ്പെട്ട വകുപ്പ് മേധാവിമാരും പ്രത്യേകംശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദേശിച്ചു.

 

ജില്ലയില്‍ പുതുതായി ഏഴു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഒരെണ്ണം പ്രവര്‍ത്തിച്ചുവരികയാണ്. കൊല്ലം താലൂക്കിലാണ് ക്യാമ്പുകള്‍. (മങ്ങാട് ചാത്തിനാംകുളം എം.എസ്.എം ഹൈസ്‌കൂള്‍ (ആകെ-402, പുരുഷ-136, സ്ത്രീ-185 കുട്ടികള്‍-81), കൊറ്റങ്കര പേരൂര്‍ ഗോപികാസദനം സ്‌കൂള്‍ (ആകെ-61, പുരുഷ-22, സ്ത്രീ-23, കുട്ടികള്‍-16); മീനാക്ഷിവിലാസം സ്‌കൂള്‍ (ആകെ-15, പുരുഷ-7, സ്ത്രീ-8, കുട്ടികള്‍-0) തൃക്കോവില്‍വട്ടം എന്‍എസ്എസ് സ്‌കൂള്‍ (ആകെ-91, പുരുഷ-27, സ്ത്രീ-40, കുട്ടികള്‍-24) പനയം പണയില്‍ ഹൈസ്‌കൂള്‍ (ആകെ-100, പുരുഷ-39, സ്ത്രീ-42 കുട്ടികള്‍-19) വടക്കേവിള വിലമഹൃദയ സ്‌കൂള്‍ (ആകെ-82, പുരുഷ-25, സ്ത്രീ-37 കുട്ടികള്‍-20); വടക്കേവിള എസ്.എന്‍.ഡി.പി യു.പി.എസ് (ആകെ-13, പുരുഷ-4, സ്ത്രീ-8 കുട്ടികള്‍-1) കിളികൊല്ലൂര്‍ കോയിക്കല്‍ യു.പി.എസ് (ആകെ-113, പുരുഷ-39, സ്ത്രീ-51 കുട്ടികള്‍-23) ക്യാമ്പ് പ്രവര്‍ത്തിച്ചുവരികയുമാണ്. ആകെ 280 കുടുംബങ്ങളിലെ 877 പേരെ മാറ്റിപാര്‍പിച്ചു.  

 

ചവറയിലാണ് ഏറ്റവുമധികം മഴ പെയ്തത് -138.5 മി.മീ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായി. ഇതില്‍ ഒരെണ്ണം പൂര്‍ണമായി തകര്‍ന്നു. മഴക്കെടുതിയില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 17.97 ഹെക്ടറാണ് കൃഷിനാശം. 343 കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായി. 44.57 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. കല്ലട, പള്ളിക്കല്‍., ഇത്തിക്കര ആറുകളിലെ ജലനിരപ്പ് ഉയരുന്നത് നിരീക്ഷിച്ച് വരികയാണ്. പള്ളിക്കലാറിന്റെ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണം. ആവശ്യാനുസരണം തുടര്‍നടപടികള്‍ സ്വീകരിക്കും എന്നും വ്യക്തമാക്കി.

date