Skip to main content

ഇ.എസ്.ഐ.സി, ഇ.പി.എഫ്.ഒ നടപടിക്രമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണം- എസ്. ജയമോഹന്‍

ഇ.എസ്.ഐ.സി, ഇ.പി.എഫ്.ഒ നിയമങ്ങള്‍ തൊഴിലാളിക്ക് കൂടുതല്‍ പ്രയോജനകരമാകത്തക്ക വിധത്തില്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ പറഞ്ഞു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കുറിച്ചിരിക്കുന്ന കാഷ്യൂ കോര്‍പ്പറേഷന്‍, ഇ.എസ്.ഐ.സി, ഇ.പി.എഫ്.ഒ സംയുക്ത അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു.

 

ഇ.എസ്.ഐ.സി യില്‍ ഇന്‍ഷ്വര്‍ ചെയ്ത തൊഴിലാളികള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ട്രീറ്റ്‌മെന്റ് ലഭിക്കണമെങ്കില്‍ ഒരു കോണ്‍ട്രിബ്യൂഷന്‍ കാലയളവില്‍ 78 ഹാജരും, കുടുംബത്തിന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ലഭിക്കുന്നതിന് രണ്ട് കോണ്‍ട്രിബ്യൂഷന്‍ കാലയളവില്‍ 156 ദിവസവും ജോലിക്ക് ഹാജരാകണമെന്ന നിയമത്തിലെ വ്യവസ്ഥയില്‍ മാറ്റംവരുത്തണം. പകര്‍ച്ചവ്യാധി, പ്രകൃതിക്ഷോഭം, കശുവണ്ടി ലഭ്യമാകാതെ കശുവണ്ടി ഉത്പാദക രാജ്യങ്ങളില്‍ ഉണ്ടാകുന്ന പ്രതിസന്ധി സന്ദര്‍ഭങ്ങളിലും ഫാക്ടറികള്‍ അടഞ്ഞുകിടക്കും. ഇതുപോലെ തൊഴിലാളികളുടെതല്ലാത്ത കാരണം കൊണ്ടുള്ള സന്ദര്‍ഭങ്ങളില്‍ ചികിത്സ നിഷേധിക്കുന്നത് ഒഴിവാക്കണം.

തൊഴിലാളികളുടെ മക്കള്‍ക്ക് എം.ബി.ബി.എസ് ന് അഡ്മിഷന്‍ ലഭിക്കുന്നത് പോലെ നേഴ്‌സിങ് പഠനത്തിന് സൗകര്യം ഉണ്ടാകാന്‍ നേഴ്‌സിങ് കോഴ്‌സുകള്‍ കൂടി ഇ.എസ്.ഐ.സി മെഡിക്കല്‍ കോളജുകളില്‍ ആരംഭിക്കണം. ആശ്രാമം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ 300 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തണം.

ഇ.പി.എഫ്.ഒ വിഹിതം അടച്ച തൊഴിലാളികള്‍ക്ക് തൊഴില്‍ഉടമ സ്ഥാപനം ഉപേക്ഷിച്ചു പോയതിന്റെ പേരില്‍ അടച്ച തുകയും ആനുകൂല്യവും കിട്ടാതെ വരുന്നത് ഒഴിവാക്കണം. വിഹിതം അടയ്ക്കാതെ തൊഴിലാളികളെ തൊഴില്‍ചെയ്യിക്കുന്ന തൊഴില്‍ഉടമകളുടെ പേരില്‍ നടപടികള്‍ സ്വീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അദാലത്തില്‍ ഉയര്‍ന്നു.

 

കാഷ്യൂ കോര്‍പ്പറേഷന്റെ ചാത്തന്നൂര്‍ ഫാക്ടറിയില്‍ ചേര്‍ന്ന സംസ്ഥാനതല അദാലത്ത് വരും ദിവസങ്ങളില്‍ കോര്‍പ്പറേഷന്റെ കേരളത്തിലെ എല്ലാ ഫാക്ടറികളിലും നടത്തും. കാഷ്യൂ കോര്‍പ്പറേഷന്‍ പേഴ്‌സണല്‍ മാനേജര്‍ അജിത് എസ്സ് അദ്ധ്യക്ഷനായി.  

date