കൊഞ്ചിറതോട് ശുചീകരണത്തിന് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം
വെമ്പായം ഗ്രാമപഞ്ചായത്തിന്റെ പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായി കൊഞ്ചിറതോട് ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമാകും. ഹരിതകേരളം മിഷന്, സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, കേരള ശാസ്ത്ര സാഹിത്യ പരിഷത് എന്നിവരുമായി ചേര്‍ന്നാണു പദ്ധതി നടപ്പാക്കുന്നത്.
കണക്കോട് മുതല്‍ വേറ്റിനാട് വരെയുള്ള ഭാഗത്താണ് ആദ്യഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുമെന്നും വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബീവി പറഞ്ഞു.
ഒക്ടോബര്‍ രണ്ടിനു രാവിലെ എട്ടിന് മൂന്നു സംഘങ്ങളായി തിരിഞ്ഞു ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. തൊഴിലുറപ്പു തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍, യൂത്ത് ക്ലബ്ബുകള്‍, എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ള അഞ്ഞൂറിലധികം പേര് അണിചേരും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം വൈ.എം.സി.എയില്‍ ചേരുന്ന യോഗത്തില്‍ ഹരിത കേരളം മിഷന് എക്സികുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ പങ്കെടുക്കും.
പദ്ധതി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി വേറ്റിനാട് വൈ.എം.സി.എ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ രാജേഷ് കണ്ണന്, പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ സുമകുമാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്.പി. 2385/2018)
- Log in to post comments