Skip to main content

ദുരന്ത മേഖലയിൽ വിദഗ്ധ പരിശോധന തുടരുന്നു

സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ദുരന്ത  മേഖലകളിൽ പരിശോധന നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളും അനുബന്ധ മേഖലകളും പരിശോധിക്കുന്നത്. ഉരുൾപൊട്ടലിൻറെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും ചൊവ്വാഴ്ച സംഘം പരിശോധിച്ചു. പ്രദേശത്തെ മണ്ണിന്റേയും പാറകളുടെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവ വിശദമായ പരിശോധനക്ക് വിധേയമാക്കും. ദുരന്തം സംഭവിച്ചതെങ്ങനെയെന്നും ഉരുൾപൊട്ടലിൽ സംഭവിച്ച പ്രതിഭാസങ്ങളും സംഘം വിലയിരുത്തും. ദുരന്തസ്ഥലത്തെ ഭൂവിനിയോഗത്തെക്കുറിച്ചും സംഘം റിപ്പോർട്ട് നൽകും. ദുരന്ത പ്രദേശത്തെയും അനുബന്ധ മേഖലകളിലേയും അപകട സാധ്യതകൾ വിലയിരുത്തും.

എൻ.ഐ.ടി സൂറത്ത്കലുമായി ചേർന്ന്  ദുരന്തബാധിത മേഖലയുടെ അതിസൂക്ഷ്മമായ ലിഡാർ സർവേ നടത്താനുദ്ദേശിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഈ സർവേയിലൂടെ ഭൂമിയുടെ ഉപരിതലവും ഉപരിതലത്തിന് മുകളിലെ എല്ലാ വസ്തുക്കളുടെയും കൂടുതൽ സൂക്ഷ്മമായ വിവരങ്ങൾ ലഭിക്കും. വിദഗ്ദ്ധ സംഘം നൽകുന്ന റിപ്പോർട്ട് കൂടി  പരിഗണിച്ചാണ്  ഇനിയുള്ള ഭൂവിനിയോഗത്തിന്റെ രീതികൾ നിശ്ചയിക്കുക. എൻ ഐ ടി സൂറത്ത്കലിലെ ദുരന്തനിവാരണ വിദഗ്ദ്ധൻ ശ്രീവത്സാ കോലത്തയാർ ആണ് സംഘത്തെ നയിക്കുക. ഡ്രോൺ ഉപയോഗപ്പെടുത്തിയുള്ള ലിഡാർ സർവേ ആണ് നടത്താനുദ്ദേശിക്കുന്നത്. ദുരന്തബാധിത പ്രദേശത്തിന്റെ ഏരിയൽ ഫോട്ടോ അടക്കമുള്ള സൂക്ഷ്മമായ ചിത്രങ്ങളെടുക്കും. മുൻപുണ്ടായിരുന്ന ഭൂതലം എങ്ങനെയായിരുന്നുദുരന്തശേഷം എന്തെല്ലാം മാറ്റങ്ങൾ വന്നുഏതൊക്കെ പ്രദേശത്താണ് വലിയ ആഘാതം ഉണ്ടായത് എന്നെല്ലാം കണ്ടെത്താനും ഭാവിയിൽ ഈ പ്രദേശത്തെ ഭൂവിനിയോഗം നിർണയിക്കുമ്പോൾ എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടെന്ന് തിരിച്ചറിയാനും ഈ സർവ്വേ റിപ്പോർട്ട് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ലിഡാർ സർവേ വഴി മരങ്ങൾമരത്തിന്റെ ഉയരംപാറകൾ തുടങ്ങിയവയെ സൂക്ഷ്മമായി പരിശോധിക്കാൻ സാധിക്കും. 50 സെന്റിമീറ്റർ വരെ വലിപ്പമുള്ള വസ്തുക്കൾ ഇതുവഴി കണ്ടെത്താനാകുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ദുരന്തനിവാരണ ഘട്ടങ്ങളിൽ മനുഷ്യരുടെ പുനരധിവാസം പോലെതന്നെ പ്രധാനപ്പെട്ട ഘടകമാണ് വളർത്ത് മൃഗങ്ങളുടേതും.  ദുരിതമനുഭവിച്ചവർക്കായി ക്യാമ്പുകൾ ആരംഭിച്ചത് പോലെ ദുരന്തത്തിലകപ്പെട്ട വളർത്തു മൃഗങ്ങൾക്കായി രണ്ട് ക്യാമ്പുകളാണ് പ്രവർത്തിച്ചത്. ദുരന്ത പ്രദേശത്തെ ഉരുക്കൾക്കും അരുമ മൃഗങ്ങൾക്കുമായി ക്ഷീര വികസന വകുപ്പിന്റെ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെൽ മുഖേന വിവിധ സംഘടനകൾ തീറ്റ വസ്തുക്കൾധാതുലവണ മിശ്രിതം എന്നിവ കർഷകർക്ക് എത്തിച്ചു നൽകുന്നുണ്ട്. ഇന്നലെ മാത്രം എട്ട് മെട്രിക് ടൺ തീറ്റഅഞ്ച് ടൺ വൈക്കോൽഅരുമ മൃഗങ്ങൾക്കുള്ള ഭക്ഷണ സാധനങ്ങൾ എന്നിവ പാലക്കാട് അരുവി ഫീഡ്‌സ് വഴി എത്തിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

പി.എൻ.എക്‌സ്. 3571/2024

date