Skip to main content
ഗാന്ധിജയന്തി വാരാചരണത്തോട് അനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തില്‍ സര്‍പ്രൈസ് സമ്മാനം ദീക്ഷ്ണയ്ക്ക് റഷീദ് പൂരണം നല്‍കുന്നു.

ഗാന്ധിജിയുടെ ഊന്നുവടി; സര്‍പ്രൈസ് സമ്മാനം ദീക്ഷ്ണയ്ക്ക് 

  മഹാത്മാഗാന്ധി സ്ഥിരമായി ഉപയോഗിച്ചിരുന്ന ഊന്നുവടി സമ്മാനിച്ചത് ആര്... ഊന്നുവടി നല്‍കിയ വ്യക്തിക്ക് കാസര്‍കോട് ജില്ലയുമായി ബന്ധമുണ്ട്. ഉത്തരം പറയുന്നവര്‍ക്ക് സര്‍പ്രൈസ് സമ്മാനവും പ്രഖ്യാപിച്ചതോടെ കാസര്‍കോട് ഗവ.ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ കൂടുതല്‍ ഉഷാറായി. ആവേശകരമായ മത്സരത്തിനൊടുവില്‍ പത്താം ക്ലാസിലെ പി.ഡി ദീക്ഷ്ണ ആ ഉത്തരം പറഞ്ഞു... മഞ്ചേശ്വര്‍ ഗോവിന്ദപൈ. 
    ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗവ.ഗേള്‍സ് സ്‌കൂളില്‍ വിദ്യാര്‍ഥിനികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളില്‍ ഗാന്ധിജിയെ അടിസ്ഥാനമാക്കി നടത്തിയ ക്വിസ് മത്സരത്തിലാണ് ഇത്തരത്തില്‍ പുത്തന്‍ അറിവുകള്‍ പകര്‍ന്നത്. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് അമേരിക്കന്‍ ഗാന്ധി എന്നതും, ഇത് എന്റെ അമ്മയാണ് എന്ന് മഹാത്മാ ഗാന്ധി പറഞ്ഞിരുന്ന പുസ്്തകം ഭഗവത് ഗീതയാണെന്നതും കുട്ടികളില്‍ പലര്‍ക്കും പുതിയ അറിവായിരുന്നു. 
    വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ ഉപന്യാസം, കവിതാലാപന മത്സരങ്ങളും നടത്തി. ക്വിസ് മത്സരത്തില്‍ പത്ത് ഡി യിലെ ബി.നിത്യ ഒന്നാം സ്ഥാനവും ഇതേ ക്ലാസിലെ പി.ഡി ദീക്ഷ്ണ രണ്ടാമതും എം.ജി അനഘ, ടി.റഹ്നമോള്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. 
    കവിതാലാപനത്തില്‍ ഒന്‍പതാം ക്ലാസിലെ കെ.സ്മിത, പത്താം ക്ലാസിലെ നിധിഷ്മ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. മത്സരങ്ങള്‍ക്ക് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഗാന്ധിജയന്തി വാരാചരണ സന്ദേശം പ്രദര്‍ശിപ്പിച്ചു. പിടിഎ പ്രസിഡന്റും നഗരസഭ കൗണ്‍സിലസറുമായ റാഷിദ് പൂരണം മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യപിക ശാരദ അധ്യക്ഷയായി. അധ്യാപകനായ പി.ഷാജി ക്വിസ് മത്സരങ്ങള്‍ നിയന്ത്രിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.ടി ജോണ്‍ നന്ദിയും പറഞ്ഞു. 

date