Skip to main content

ടേക് ഓഫ്: കരിയര്‍ പരിശീലന  ക്ലാസുകളുമായി ജില്ലാ ഭരണകൂടം

    യുവ തലമുറയ്ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളും വ്യക്തമായ കാഴ്ചപ്പാടുകളും നല്‍കുന്നതിന് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന 'ടേക് ഓഫ്' പദ്ധതി പ്രകാരം ഒക്‌ടോബര്‍ മാസത്തിലെ നാല് ഞായറാഴ്കളിലായി നാല് ക്ലാസുകള്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് എന്നിവര്‍ പി.ആര്‍.ഡി ചേംബറില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ പരിപാടിക്കായി സംരംഭകത്വം, ഡിഫന്‍സ്, സിവില്‍ സര്‍വീസ്, രാഷ്ട്രീയം എന്നീ നാല് പ്രധാന മേഖലകളാണ് ജില്ലാ ഭരണകൂടം തെരഞ്ഞെടുത്തിട്ടുള്ളത്. ഓരോ പൗരനും അവരുടെ ജീവിതഗതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പ്രസ്തുത മേഖലയെപ്പറ്റിയുള്ള അറിവുകള്‍ പരിമിതമായിരിക്കും.ഇതിന് വിദഗ്‌ധോപദേശം അനിവാര്യമാണ്. കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പരിപാടിയില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കും. കൂടാതെ സംശയ നിവാരണത്തിനുള്ള വിഭാഗവും ഉണ്ടായിരിക്കും.
    ഒക്‌ടോബര്‍ ഏഴിന് സംരംഭകത്വം, 14ന് ഡിഫന്‍സ്, 21ന് സിവില്‍ സര്‍വീസ്, 28ന് രാഷ്ട്രീയം എന്നിങ്ങനെ രാവിലെ 11 മുതല്‍ ഉച്ച ഒരു മണി വരെ ജില്ലാ പഞ്ചായത്ത് ഹാളിലാണ് ക്ലാസുകള്‍. യുവസംരംഭകരും ഇന്ത്യന്‍ നേവല്‍ അക്കാദമിയിലെയും ഡി.എസ്.സി സെന്ററിലെയും സൈനിക ഉദ്യോഗസ്ഥരും ഐ.എ.എസ് ഓഫീസര്‍മാരും രാഷ്ട്രീയ നേതാക്കളും ക്ലാസെടുക്കും. പ്രവേശനം സൗജന്യമാണ്. എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാം. എങ്കിലും പ്ലസ് വണ്‍ മുതല്‍ ബിരുദതലം വരെയുള്ള വിദ്യാര്‍ഥികളെയാണ് ഉദ്ദേശിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ചെയ്യാനും http://wearekannur.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വാര്‍ത്താ സമ്മേളനത്തില്‍ പദ്ധതിയുടെ ചുമതലയുള്ള അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും സംബന്ധിച്ചു. 

date