പരിസ്ഥിതിയെ സംരക്ഷിച്ചാലേ മനുഷ്യന് നിലനില്‍പ്പുള്ളൂ: എച്ച് സലാം എംഎല്‍എ *വനംവകുപ്പ് ജില്ലാ നഴ്സറി ഉദ്ഘാടനം ചെയ്തു
പരിസ്ഥിതിയെ സംരക്ഷിച്ച് മുന്നോട്ടുപോയാലെ മനുഷ്യന് നിലനില്‍പ്പുള്ളൂവെന്ന് എച്ച് സലാം എംഎല്‍എ പറഞ്ഞു. സംസ്ഥാന വനം വന്യജീവി വകുപ്പ് സാമൂഹ്യവനവല്‍ക്കരണ വിഭാഗത്തിന്റെ ആലപ്പുഴ ജില്ലാ നഴ്സറിയുടെ ഉദ്ഘാടനം പുറക്കാട് ഗാന്ധിവനത്തില് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് ചുറ്റുമുള്ള ഭൂമി, ജലം, വൃക്ഷങ്ങള്‍ എന്നിവയെയൊക്കെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം വിവേകമുള്ള ജീവിയായ മനുഷ്യര്‍ക്കാണ്. പക്ഷേ ഇന്ന് മനുഷ്യരേക്കാള്‍ പ്രകൃതിയോടിണങ്ങി ജീവിക്കുന്നത് മറ്റു ജീവികളാണ്. നമുക്ക് ശുദ്ധവായുവും വെള്ളവുമൊക്കെ വേണം. പക്ഷേ മരം വെട്ടിക്കളയാന്‍ നമുക്ക് യാതൊരു മടിയുമില്ല. അതുപോലെ മഴവെള്ളത്തെ ഭൂമിയിലേക്കിറക്കി സംരക്ഷിക്കാനും നമുക്ക് താല്പര്യമില്ല. മുറ്റം മുഴുവന്‍ ടൈലിട്ട് മഴവെള്ളം മുഴുവന്‍ ഒഴുക്കിക്കളയും. പിന്നീട് കുഴല്‍കിണര്‍ കുഴിക്കുമ്പോള്‍ വെള്ളം കിട്ടാതാവുമ്പോഴാണ് ഭൂഗര്‍ഭജലം കുറയുന്നത് നാം മനസ്സിലാക്കുക-എംഎല്‍എ പറഞ്ഞു. ജില്ലാ നഴ്സറി പ്രവര്‍ത്തനക്ഷമമാകുന്നതോടെ സാമൂഹികവനവത്കരണത്തിന്റെ ഭാഗമായ ജില്ലയിലെ വിവിധ പദ്ധതികള്‍ക്ക് സ്വകാര്യസംരംഭകരെ ആശ്രയിക്കാതെ ഗുണമേന്മയുള്ള തൈകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും പ്രദേശവാസികള്‍ക്ക് തൊഴില്‍നല്‍കാന്‍ വനംവകുപ്പ് ശ്രദ്ധിക്കണമെന്നും എംഎല്‍എ പറഞ്ഞു.
ശിലാഫലകം എംഎല്‍എ അനാശ്ചാദനം ചെയ്തു. സംസ്ഥാനസര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പുറക്കാട് ഗ്രാമപഞ്ചായത്തിലെ ഗാന്ധിവനം പദ്ധതി പ്രദേശത്ത് ജില്ലാ ഫോറസ്റ്റ് നഴ്സറി നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. എല്ലാ ജില്ലകളിലും വനം നഴ്സറികള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ആലപ്പുഴയിലെ നഴ്സറി പുറക്കാട് ഗാന്ധിവനം പ്രദേശത്ത് സ്ഥാപിച്ചത്. 86.25 ലക്ഷം രൂപ ചെലവഴിച്ചാണ് നഴ്സറി നിര്‍മാണം പൂര്‍ത്തീകരിച്ചത്. പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് പോളി ഹൗസ്, സ്റ്റോര്‍ ബില്‍ഡിങ്, ഓഫീസ് കെട്ടിടം എന്നിവയൊക്കെ സെമി പെര്‍മെനന്റ് നിര്‍മിതികളായാണ് സ്ഥാപിച്ചിട്ടുള്ളത്. നഴ്സറിയിലേക്ക് അപ്രോച്ച് റോഡ് നിര്‍മിച്ച് സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്തിയിട്ടുണ്ട്. നഴ്സറി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാവുമ്പോള്‍ പ്രതിവര്‍ഷം ഒരു ലക്ഷം വൃക്ഷത്തൈകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. കൂടാതെ പ്രദേശവാസികള്‍ക്ക് 3000 തൊഴില്‍ദിനങ്ങള്‍ പ്രദാനം ചെയ്യാനും കഴിയും. ജില്ലാ നഴ്സറി സ്ഥാപിച്ചതിന് ശേഷമുള്ള കരഭൂമിയില്‍ പ്രാദേശിക പങ്കാളിത്തത്തോടെ ഇക്കോ ടൂറിസം പദ്ധതിയും വനംവകുപ്പ് നടപ്പാക്കും. വിദ്യാര്‍ഥികള്‍ക്കും പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കും പഠനഗവേഷണ ആവശ്യങ്ങള്‍ക്ക് ഉതകുന്ന ജൈവവൈവിധ്യ പാര്‍ക്കും ഇവിടെ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറസ്ട്രി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. സഞ്ജയന്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിഷപാമ്പ് രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കോട്ടയത്തുള്ള ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് (ടിഐഇഎസ്) സ്പോണ്സര് ചെയ്ത സ്നേക്ക് റെസ്ക്യൂ കിറ്റ് ചടങ്ങില്‍ എംഎല്‍എ വിതരണം ചെയ്തു.
പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദര്ശനന്, ജില്ലാ പഞ്ചായത്ത് അംഗം പി അഞ്ജു, പുറക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
വി എസ് മായാദേവി, കെ രാജീവന്, അഡ്വ. വി എസ് ജിനുരാജ്, ബി മനോജ്, ജി സുബാഷ് കുമാര്‍ അമ്മിണി വിജയന്, ടിഐഇഎസ് സെക്രട്ടറി ഡോ. പുന്നന്‍ കുര്യന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ പി സുനില്‍ ബാബു സ്വാഗതവും, ഡെ. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഫെന്‍ ആന്റണി നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍, രാഷ്ട്രീയ, സമൂഹിക പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്./എ.എല്‍.പി./2150)
- Log in to post comments