ദീപ്തി ബ്രെയില്‍ സാക്ഷരതാ പദ്ധതി ഉദ്ഘാടനം ചെയ്തു
സംസ്ഥാന സാക്ഷരതാ മിഷന് നടപ്പിലാക്കുന്ന ദീപ്തി ബ്രെയില്‍ സാക്ഷരതാ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഫിഷറീസ്, സാംസ്കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന് നിര്‍വഹിച്ചു. ജില്ലയിലെ ആദ്യ പഠനകേന്ദ്രമായ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കാഴ്ച പരിമിതി നേരിടുന്നവരെ അക്ഷരലോകത്ത് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സാക്ഷരതാ മിഷന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് ദീപ്തി ബ്രെയില്‍ സാക്ഷരതാ പരിപാടി. ആലപ്പുഴ ജില്ലയില്‍ വനിത ശിശുവികസന വകുപ്പിന്റെ സഹകരണത്തോടെ അങ്കണവാടികള്‍ കേന്ദ്രീകരിച്ച് പഠിക്കാന്‍ താല്പര്യമുള്ളവരുടെ വിശദാംശങ്ങള്‍ സര്‍വേയിലൂടെ കണ്ടെത്തുകയും ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. കേരള ഫെഡറേഷന് ഓഫ് ബ്ലൈന്‍ഡ് അധ്യാപക ഫോറത്തിന്റെ ജില്ലാ ഘടകമാണ് ക്ലാസ്സിന് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്. ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത 44 പഠിതാക്കളാണ് ബ്രെയില്‍ പഠിക്കാന്‍ തയ്യാറെടുക്കുന്നത്.
സാക്ഷരതാ മിഷന് ഡയറക്ടര്‍ എ.ജി. ഒലീന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയും പഠിതാക്കള്‍ക്കുള്ള ബ്രെയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജസ്റ്റിന് ജോസഫ് ബ്രെയില്‍ ലിറ്ററസി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. സലീം സ്വാഗതവും ജില്ലാ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ ലേഖ നന്ദിയും പറഞ്ഞു.
(പി.ആര്./എ.എല്‍.പി./2165)
- Log in to post comments