വർണോത്സവം: പാട്ടും വരയുമായി കുട്ടികളുടെ മനം കവർന്ന് മന്ത്രി
പാട്ടു പാടിയും ചിത്രങ്ങൾ വരച്ചും കുട്ടികളുടെ മനം കവർന്ന് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ഗവ. ടി ടി ഐ യിൽ സംഘടിപ്പിച്ച വർണോത്സവം പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്തു. ഗാനം ആലപിച്ചും ഗാന്ധിജിയുടെ ചിത്രം വരച്ച് കുട്ടികൾക്ക് സമ്മാനമായി നൽകിയതിനുശേഷമാണ് അദ്ദേഹം വേദി വിട്ടത്.
കുട്ടികൾ നാടിൻ്റെ ശക്തി സ്രോതസ്സുകളാണെന്നും ഭാവിയുടെ വാഗ്ദാനങ്ങളായി എല്ലാ രംഗത്തും ജ്വലിക്കുന്ന താരകങ്ങളായി കുട്ടികൾ മാറണമെന്നും അദ്ദേഹം പറഞ്ഞു.
എൽ പി, യു പി വിഭാഗത്തിന് പ്രസംഗമത്സരവും, എൽപി, യുപി, എച്ച്എസ് വിഭാഗത്തിന് കഥ, കവിത, ഉപന്യാസ രചനാ മത്സരങ്ങളുമാണ് സംഘടിപ്പിച്ചത്. പ്രസംഗ മത്സരത്തിലെ വിജയികൾ നവംബർ 14 ശിശുദിനത്തിൽ കണ്ണൂരിൽ സംഘടിപ്പിക്കുന്ന ശിശുദിന റാലി നയിക്കും.
ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻ്റ് എൻടി സുധീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.എൻ ബാബു മഹേശ്വരി പ്രസാദ് മുഖ്യാതിഥിതിയായി. സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻ്റ് പി സുമേശൻ മാസ്റ്റർ, ജില്ലാ ശിശുക്ഷേമ സമിതി
സെക്രട്ടറി കെ എം രസിൽ രാജ്, യു കെ ശിവകുമാരി, വിഷ്ണു ജയൻ എന്നിവർ സംസാരിച്ചു.
- Log in to post comments