Skip to main content

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു;*വൊക്കേഷണല്‍ എക്‌സ്‌പോയ്ക്ക് 95 സ്റ്റാളുകള്‍

നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് ആലപ്പുഴ എസ് ഡി വി ഗേള്‍സ് ഹൈസ്‌കൂളില്‍ ചെയര്‍മാന്‍ കൂടിയായ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം മികവുറ്റ രീതിയിലും നൂതനാശയങ്ങള്‍ ഉള്‍പ്പെടുത്തിയും സംഘടിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സെന്റ് ജോസഫ് സ്‌കൂളായിരിക്കും ശാസ്ത്രമേളയുടെ പ്രധാന വേദി. ലിയോ തേര്‍ട്ടീന്‍ത് സ്‌കൂള്‍, ഗേള്‍സ് സ്‌കൂള്‍, എസ് ഡി വി സ്‌കൂള്‍, ലജനത്തുല്‍ മുഹമ്മദീയ എച്ച്എസ്എസ് തുടങ്ങിയ ഏഴോളം വേദികളുണ്ടാവും. 
ശാസ്ത്രമേളയുടെ ഭാഗമായി വിഎച്ച്എസ്ഇ എക്‌സ്‌പോ, വിനോദ, സാംസ്‌കാരിക പരിപാടികള്‍, ശാസ്ത്ര മേഖലയിലെ പ്രമുഖരുമായുള്ള സംവാദം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. വൊക്കേഷണല്‍ എക്‌സ്‌പോയ്ക്ക് 95 സ്റ്റാളുകളും, കരിയര്‍ എക്‌സ്‌പോയ്ക്ക് 10 സ്റ്റാളുകളും, കരിയര്‍ സെമിനാര്‍, വിനോദപരിപാടികള്‍ എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം വേദികളും സജ്ജമാക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന്  ശാസ്ത്രമേളയ്ക്ക് എത്തുന്ന കുട്ടികള്‍ക്ക് താമസസൗകര്യവും ഭക്ഷണവും ക്രമീകരിക്കും. 
സംഘാടക സമിതി യോഗത്തില്‍ എംഎല്‍എമാരായ പി പി ചിത്തരഞ്ജന്‍, യു പ്രതിഭ, ജില്ലാ പഞ്ചായത്ത് അംഗം ആര്‍ റിയാസ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ കെ ജയമ്മ, എഡിജിഇ സി എസ് സന്തോഷ്,   വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീലത ഇ എസ്, വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date