വേങ്ങൂര്‍ പാണിയേലി പോര് എറണാകുളം ജില്ലയിലെ ആദ്യ ഹരിത വിനോദ സഞ്ചാര കേന്ദ്രമായി
എറണാകുളം ജില്ലയിലെ ആദ്യ മാതൃകാ ഹരിത വിനോദ സഞ്ചാര കേന്ദ്രമെന്ന ബഹുമതി വേങ്ങൂരിലെ പാണിയേലി പോര് നേടി. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിലാണ് ഹരിത വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്നത്.
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ വനം- വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രഖ്യാപനം നടത്തി.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ടി അജിത്കുമാര്‍, വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്, ആര്‍ ആടലരശന്‍ ഐഎഫ്എസ്, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ചര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ടാനി തോമസ്, ഹരിത കേരളം മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ രഞ്ജിനി എസ് എന്നിവര്‍ പങ്കെടുത്തു.
മാലിന്യ സംസ്‌കരണം, ഒറ്റത്തവണ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ കര്‍ശന നിരോധനം നടപ്പാക്കല്‍, ബദല്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, കുറ്റമറ്റ ടോയ്‌ലറ്റ് സംവിധാനവും ദ്രവ മാലിന്യ സംസ്‌കരണവും, എംസിഎഫ്, മിനിഎംസിഎഫുകള്‍, ബോട്ടില്‍ ബൂത്തുകള്‍, സുരക്ഷാ ക്യാമറകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയാണ് പാണിയേലി പോര് ഹരിത വിനോദ സഞ്ചാര കേന്ദ്രം പദവി നേടിയത്.
വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, വനം വകുപ്പ്, വന സംരക്ഷണസമിതി, രാജഗിരി വിശ്വജ്യോതി കോളേജ് എന്നിവയുടെ സഹകരണത്തോടെ പാണിയേലി പോരിലും പരിസരങ്ങളിലും ശുചീകരണ യജ്ഞവും സംഘടിപ്പിച്ചു.
വനം വകുപ്പ് ജീവനക്കാര്‍, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, വനസംരക്ഷണ സമിതി അംഗങ്ങള്‍, ഹരിതകര്‍മസേനാംഗങ്ങള്‍, രാജഗിരി വിശ്വ ജ്യോതി കോളേജിലെ എന്‍എസ്എസ് വോളണ്ടിയേഴ്‌സ്, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments