Skip to main content

കനസ് ജാഗ'-   കുട്ടികളുടെ വിവിധ അവകാശങ്ങള്‍ ചര്‍ച്ച ചെയ്ത് സെമിനാര്‍  

                       
                                                                                                      കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ എറണാകുളം സെന്‍റ് തെരേസാസ് കോളേജില്‍ സംഘടിപ്പിക്കുന്ന 'കനസ് ജാഗ' കുട്ടികളുടെ ഹ്രസ്വ ചലച്ചിത്രമേളയോടനബന്ധിച്ച് രണ്ടാം ദിനം 'തദ്ദേശീയ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ സംരക്ഷണം: മാറുന്ന വിദ്യാഭ്യാസ രീതിശാസ്ത്രം' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും അതിനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കുകയും ചെയ്യേണ്ടത് രാജ്യത്തിന്‍റെ ഉത്തരവാദിത്വമാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം ഷാജു കെ.കെ പറഞ്ഞു.

കുട്ടികളുടെ സുരക്ഷിതത്വം, വിദ്യാഭ്യാസം, അവകാശ സംരക്ഷണം എന്നിവ സംബന്ധിച്ച നിയമങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ അവ സംബന്ധിച്ച  അവബോധം താഴെ തട്ടില്‍ എത്തിക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങളില്‍  കുടുംബശ്രീയടെ പങ്കാളിത്തം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

അറിവിന്‍റെ നിര്‍മാണത്തിനായി കുട്ടികളെ പ്രാപ്തരാക്കുകയാണ് 'കനസ് ജാഗ'യുടെ ലക്ഷ്യം. കുട്ടികളുടെ അവകാശങ്ങള്‍ വിദ്യാഭ്യാസത്തിന്‍റെ രീതിശാസ്ത്രത്തില്‍ എങ്ങനെ  ഉപയോഗിക്കാമെന്ന്  കണ്ടെത്തണം. കുട്ടികളുടെ ജീവിത പരിസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുമ്പോഴാണ് വിദ്യാഭ്യാസ പ്രക്രിയ സാര്‍ത്ഥകമാകുന്നത്. തങ്ങളുടെ ജീവിത പരിസരത്തുള്ള പ്രശ്നങ്ങള്‍ സ്വയം മനസിലാക്കുന്നതിനും അവ പ്രമേയങ്ങളാക്കി ഹ്രസ്വചിത്രങ്ങള്‍ നിര്‍മിക്കുന്നതിനും തദ്ദേശീയ മേഖലയിലെ കുട്ടികളെ  കുടുംബശ്രീ പ്രാപ്തരാക്കി. ഇതുവഴി കുട്ടികളുടെ ബൗദ്ധികവും സര്‍ഗാത്മകവുമായ ശേഷികളെ വളര്‍ത്തുന്ന വിദ്യാഭ്യാസ  മാതൃക ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍  കുടുംബശ്രീക്ക് സാധിച്ചു എന്നതാണ് 'കനസ് ജാഗ'യുടെ നേട്ടമെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

 സേവ് ദി ചില്‍ഡ്രന്‍ ഡെപ്യൂട്ടി ഡയറക്ര്‍ അഭിജിത്ത് നിര്‍മ്മല്‍, കരുളായി സി.ഡി.എസ് അധ്യക്ഷ മിനി സുജേഷ്, ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡോ.കെ.പി.നിതീഷ് കുമാര്‍, ലയോള എക്സ്റ്റന്‍ഷന്‍ സെന്‍റര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോബി എ.പി, ടാറ്റ കണ്‍സള്‍ട്ടന്‍സി റിസര്‍ച്ച് ഹെഡ് റോബിന്‍ ടോമി എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത് മോഡറേറ്ററായി

date