ആയുർവേദ ദിനാഘോഷം
ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ ഒക്ടോബർ 30 ബുധനാഴ്ച ആയുർവേദദിനം ആഘോഷിക്കും. ജില്ലാ പഞ്ചായത്ത്, വിവിധ സർക്കാർ വകുപ്പുകൾ, നാഷണൽ ആയുഷ്മിഷൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആയുർവേദ മേഖലയിലെ വിവിധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.
രാവിലെ ഒൻപതിന് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നിന്നാരംഭിക്കുന്ന ആയുർവേദദിന സന്ദേശ വിളംബര ജാഥ ജില്ലാകളക്ടർ ജോൺ വി. സാമുവൽ ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് ഐ.എം.എ. ഹാളിൽ നടക്കുന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ടി.എൻ. പുഷ്പമണി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടത്തും. ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയത്തുള്ള എല്ലാ ഭാരതീയ ചികിത്സാ വകുപ്പ് സ്ഥാപനങ്ങളിലും ജീവിതശൈലീ ക്ലിനിക്കുകളും ബോധവത്കരണ ക്ലാസുകളും നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ( ഭാരതീയ ചികിത്സാ വകുപ്പ്) ഡോ. അമ്പിളികുമാരി അറിയിച്ചു.
- Log in to post comments