*ജില്ലാ ഐ.ടി മേള സമാപിച്ചു*
ജില്ലാ ഐ.ടി മേളയ്ക്ക് മേലാറ്റൂരില്‍ സമാപനമായി. നിര്‍മിത ബുദ്ധി മുഖ്യപ്രമേയമായ മേള സര്‍ഗാത്മകവും വൈവിധ്യപൂര്‍ണവുമായ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായി. നിത്യജീവിതത്തില്‍ നിര്‍മ്മിത ബുദ്ധിയുടെ അനന്ത സാധ്യതകള്‍ മേളയില്‍ അവതരിപ്പിക്കപ്പെട്ടു. ഒരേസമയം രണ്ടു പേര്‍ക്ക് കളിക്കാവുന്ന റേസിംഗ് ഗെയിമുകളും ദുരന്തമുഖങ്ങളിലെ രക്ഷാപ്രവര്‍ത്തനം വിവരിക്കുന്ന ആനിമേഷനുകളും മികച്ച നിലവാരം പുലര്‍ത്തി.
പ്രോഗ്രാമിംഗ്, ആനിമേഷന്‍, രചനയും അവതരണവും, മലയാളം ടൈപ്പിംഗ്, ഡിജിറ്റല്‍ പെയിന്റിംഗ്, വെബ് ഡിസൈനിംഗ്, ടീച്ചിംഗ് എയ്ഡ്, ഐ.ടി ക്വിസ് എന്നിങ്ങനെ എട്ട് ഇനങ്ങളില്‍ ആണ് ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, വൊക്കേഷന്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്കുള്ള മത്സരങ്ങള്‍ നടന്നത്. ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ വിതരണം ചെയ്ത നൂറിലധികം ലാപ്‌ടോപ്പുകള്‍ മൂന്ന് ലാബുകളിലായി മത്സരങ്ങള്‍ നടത്തുന്നതിനായി സജ്ജമാക്കിയിരുന്നു. കൈറ്റ് ജില്ലാ കോഡിനേറ്റര്‍ ടി.കെ അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തില്‍ കൈറ്റ് ജില്ലാ കേന്ദ്രത്തിലെ മാസ്റ്റര്‍ ട്രെയ്‌നര്‍മാരാണ് മത്സരങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്.
- Log in to post comments