മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ -രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നാളെ (നവംബർ 1 ന്) മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും
കാല്‍വരി മൗണ്ട് ഹരിത ടൂറിസംകേന്ദ്രം: പ്രഖ്യാപനം കേരളപ്പിറവി ദിനത്തിൽ
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ -രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നാളെ (നവംബർ 1 ന്) ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ കമ്പളികണ്ടത്ത് നിർവഹിക്കും. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ 52 അങ്കണവാടികൾ, സ്കൂളുകൾ, അയൽക്കൂട്ടങ്ങൾ, പൊതു സ്ഥാപനങ്ങൾ,കമ്പിളികണ്ടം, പാറത്തോട് ടൗണുകൾ, എന്നിവ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കൽ , രണ്ട് വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ ( ടേക്ക് എ ബ്രേക്ക്) ഉദ്ഘാടനം,മെറ്റീരിയൽ കളക്ഷൻ സെന്റർ തറക്കല്ലിടൽ എന്നിവ ഇതോടൊപ്പം നടക്കും. ശുചിത്വസന്ദേശ റാലിയും ഉണ്ടാകും.
കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്ത് 68 വിനോദ സഞ്ചാര കേന്ദ്രങ്ങളെ ആദ്യ ഘട്ടമായി ഹരിത ടൂറിസംകേന്ദ്രങ്ങളായി പ്രഖ്യാപിക്കും. ഇടുക്കിയിൽ കാല്‍വരി മൗണ്ടാണ് ഹരിത ടൂറിസംകേന്ദ്രം.തദ്ദേശസ്വയംഭരണ വകുപ്പ്, ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ തുടങ്ങിയവയുടെ നേതൃത്വത്തിൽ പ്രത്യേക ടീം സ്ഥലം സന്ദർശിച്ച് മാലിന്യസംസ്കരണം, പ്ലാസ്റ്റിക് നിരോധനം നടപ്പാക്കൽ, ബദൽ സംവിധാനങ്ങൾ ഒരുക്കൽ, വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ തുടങ്ങിയ ശുചിത്വ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഹരിത ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.
പരിപാടിയിൽ ഇടുക്കി എം പി ഡീൻ കുര്യക്കോസ്,എംഎൽഎമാരായ എം എം മണി, അഡ്വ. എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും
- Log in to post comments