Skip to main content

പന്തലായനി ബ്ലോക്ക് സമ്പൂര്‍ണ്ണ ഹോംഷോപ്പ്  പദ്ധതി പ്രഖ്യാപനം ഒക്ടോബര്‍ 22ന്

 

ജില്ലയെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യോഗം ചേര്‍ന്നു. പന്തലായനിയെ  സമ്പൂര്‍ണ ഹോംഷോപ്പ് ബ്ലോക്ക് ആയി പ്രഖ്യാപിക്കുന്നതിനുള്ള  പ്രവര്‍ത്തന പരിപാടികള്‍ അന്തിമഘട്ടത്തില്‍ എത്തിയതായി യോഗം വിലയിരുത്തി.
പ്രാദേശികമായി നിര്‍മ്മിക്കുന്ന കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് സുസ്ഥിരമായ പ്രാദേശിക വിപണി ഒരുക്കുന്നതിനു വേണ്ടിയുള്ള സ്ഥിരം സംവിധാനമാണ് ഹോം ഷോപ്പ് പദ്ധതി.  പന്തലായനി ബ്ലോക്കില്‍ വിപണന രംഗത്ത്മാത്രം നൂറിനടുത്ത് വനിതകള്‍ക്ക് സ്ഥിരം തൊഴില്‍ ലഭ്യമാകും. എല്ലാ  ഗ്രാമപഞ്ചായത്തുകളിലും ഓരോ ഉല്‍പ്പാദന യൂണിറ്റുകള്‍ കൂടി ആരംഭിക്കുകയാണെങ്കില്‍ അതുവഴി ചുരുങ്ങിയത് 30 പേര്‍ക്കെങ്കിലും പുതുതായി തൊഴില്‍ ലഭ്യമാക്കാന്‍ കഴിയും. ഈ മാസം 22ന് രാവിലെ 10 മണിക്ക് കെ ദാസന്‍ എംഎല്‍എ സമ്പൂര്‍ണ ഹോം ഷോപ്പ് പ്രഖ്യാപനം നടത്തും. ചേമഞ്ചേരി ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നായി ആയിരത്തോളം കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒത്തുചേരും.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അശോകന്‍ കോട്ട്  അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശോഭ കെ എം  ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ല മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.എം ഗിരീഷന്‍ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യം ചെയര്‍പേഴ്‌സണ്‍  ഗീത കെ.സി, ഖാദര്‍ വെള്ളിയൂര്‍, എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സബീഷ് സ്വാഗതവും സി.ഡി എസ് ചെയര്‍പേഴ്‌സണ്‍ ശൈലജ നന്ദിയും പറഞ്ഞു.

date